ചിറ്റാർ പുഴയെ മാലിന്യമുക്തമാക്കാനുള്ള പദ്ധതി പാതിവഴിയിൽ

ചിറ്റാര്‍പുഴയെ സംരക്ഷിക്കാന്‍ കോട്ടയം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതി പാതിവഴിയില്‍ നിലച്ചു.  കയ്യേറ്റങ്ങളില്‍ നിന്നും മാലിന്യത്തില്‍ നിന്നും ചിറ്റാര്‍ പുഴയെ രക്ഷിക്കാനുള്ള നീക്കമാണ് പ്രഹസനമായി മാറിയത്. വേനലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോളും ചിറ്റാര്‍പുഴ മാലിന്യവാഹിനിയായി തുടരുകയാണ്.

മാലിന്യ നിക്ഷേപവും, കയ്യേറ്റങ്ങളും മൂലം ഇല്ലാതായിക്കൊണ്ടിരുന്ന ചിറ്റാർ പുഴയുടെ സംരക്ഷണത്തിനായി കാഞ്ഞിരപ്പള്ളി പഞ്ചായത്താണ് ചിറ്റാര്‍പുഴ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെ, സന്നദ്ധസംഘടനകളെയും പുഴ നവീകരണ പദ്ധതികളില്‍ പങ്കാളികളാക്കി. ഉത്ഭവസ്ഥാനം മുതല്‍ ചിറ്റാർപുഴ ശുചീകരിച്ച് സ്ഥിരമായി മാലിന്യ രഹിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം പുഴയില്‍ മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികളും പഞ്ചായത്ത് ഉറപ്പ് നല്‍കി. പുഴ നടത്തതോടെ പദ്ധതികള്‍ക്ക് ഗംഭീരമായി തുടക്കം കുറിച്ചു.  ആകെ നടന്നതും അത് മാത്രമാണ്. ചിറ്റാര്‍ പോയിട്ട് കൈത്തോടുകളുടെ ശുചീകരണം പോലും നടന്നില്ല. പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും തകൃതിയായി തുടര്‍ന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നപ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ പഞ്ചായത്ത് കണ്ടെത്തിയ മാര്‍ഗമാണ് പദ്ധതിയെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.

കൈത്തോടുകളിലേക്ക് മലിനജലമൊഴുക്കിയ ഏതാനും സ്ഥാപനങ്ങൾക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു. ഒരു മറയുമില്ലാതെ ചിറ്റാറിലേക്ക് മാലിന്യം ഒഴുക്കിയവര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല. വ്യാപാരികളുടെ പ്രതിഷേധമാണ് നടപടി മരവിപ്പിക്കാന്‍ കാരണമെന്നാണ് വിശദീകരണം. വേനൽമഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ പുഴയില്‍ കെട്ടികിടന്ന് പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുകയാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.