കനത്ത ചൂടില്‍ തരിശുപാടശേഖരം കത്തി നശിച്ചു

കനത്ത ചൂടില്‍ കോട്ടയം മൂലേടത്ത് അന്‍പതേക്കറിലേറെ വരുന്ന തരിശുപാടശേഖരം കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് പടര്‍ന്നുപിടിച്ച തീ രാത്രി വൈകിയാണ് അണഞ്ഞത്. തീപിടുത്തത്തില്‍ പ്രദേശത്ത് കനത്ത പുക ഉയര്‍ന്നത് റയില്‍ ഗതാഗതത്തെയും ബാധിച്ചു.   

മൂലേടത്ത് മാടമ്പുകാട് പാടശേഖരത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിച്ചത്. കൃഷിയിറക്കാത്തതിനെെ തുടര്‍ന്ന് കാടുപിടിച്ച കിടന്ന പാടശേഖരം അതിവേഗം തീയില്‍ എരിഞ്ഞമര്‍ന്നു. വൈകിട്ട് അഞ്ച്മണിയോടെ അന്‍പതേക്കര്‍ വരുന്ന പാടശേഖരത്തിന്‍റെ മുക്കാല്‍ഭാഗവും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ നടത്തിയ ശ്രമം പാഴായി.  റെയില്‍പാതയോട് ചേര്‍ന്ന് പുല്ലിന് തീ പടര്‍ന്നതോടെ റെയില്‍ ഗതാഗതം തടസപ്പെടുമെന്ന അവസ്ഥയായി. കാഴ്ചമറച്ച് പുക ഉയര്‍ന്നതോടെ വേഗത കുറച്ചാണ് ട്രെയിനുകള്‍ കടന്നുപോയത്. 

ജനവാസമേഖലയിലേക്ക് തീപടര്‍ന്നില്ലെങ്കിലും പുകയും പൊടിപടലങ്ങളും നിറഞ്ഞതോടെ പലര്‍ക്കും ശ്വാസതടസം ഉള്‍പ്പെടെ അനുഭവപ്പെട്ടു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കോട്ടയത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.