കാട്ടിലും വേനല്‍ കടുത്തു; വന്യമൃഗങ്ങള്‍ നാട്ടിലേക്ക്; ചാലക്കുടിയില്‍ മ്ലാവിറങ്ങി

കാട്ടിലും വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങി തുടങ്ങി. ചാലക്കുടി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ട മ്ലാവിനെ വനപാലകരും ഫയര്‍ഫോഴ്സും ചേര്‍ന്നു പിടികൂടി. ചാലക്കുടി ട്രാംവേ റോഡു പരിസരത്താണ് മ്ലാവിനെ ആദ്യം കണ്ടത്. ബി.എസ്.എന്‍.എല്‍ ഓഫിസ് പരിസരം, എസ്.എച്ച് സ്കൂള്‍ പരിസരം തുടങ്ങി വിവിധ ഇടങ്ങളിലേക്ക് മ്ലാവ് നീങ്ങി. വിവരമറിഞ്ഞ് ചാലക്കുടി ഫയര്‍ഫോഴ്സും വനംപാലകരും തിരച്ചില്‍ തുടങ്ങി. അവശതമൂലം മ്ലാവ് തളര്‍ന്നിരുന്നു. ഇതിനിടെ, വെറ്ററിനറി ഡോക്ടര്‍ പി.ബി.ഗിരിദാസ് എത്തി മയക്കുവെടിവച്ചതോടെ മ്ലാവ് ഓടി. ഇതോടെ, നാട്ടുകാരും പരിഭ്രാന്തരായി. പിന്നീട്, മയങ്ങി വീണ മ്ലാവിനെ കൂട്ടിലാക്കി. നഗരപ്രദേശത്തെ കാനകളില്‍ വീണ മ്ലാവിന് ചെറിയ പരുക്കുണ്ട്. ചികില്‍സയ്ക്കായി മലയാറ്റൂരിലേക്ക് കൊണ്ടുപോയി. ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഉടനെ കാട്ടിലേക്ക് തിരിച്ച അയയ്ക്കുമെന്ന് ചാലക്കുടി ഡി.എഫ്.ഒ പറഞ്ഞു.

വേനൽ കടുത്തതോടെ ഉൾവനങ്ങളിൽ ചൂട് കൂടിയിട്ടുണ്ട്. അരുവികൾ വറ്റിവരണ്ടതും തിരിച്ചടിയായി. ഇതോടെ, വന്യമൃഗങ്ങൾ കാടിറങ്ങുകയാണ്. കടുത്ത ചൂട് കൂടിവരുന്നതോടെ ഇനിയും വന്യമൃഗങ്ങൾ കാടിറങ്ങാൻ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി.