മറയൂർ ശർക്കരയ്ക്ക് ഭൗമസൂചികാപദവി

മറയൂർ ശർക്കരയ്ക്ക് ഭൗമസൂചികാപദവി. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ ഉൽപാദിപ്പിക്കുന്ന ശർക്കരയ്ക്കാണ് നേട്ടം. വ്യാജൻ ഇല്ലാതായി ശർക്കരയ്ക്ക് ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ്  കർഷകർ. 

പ്രത്യേക പ്രദേശത്ത് പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുമ്പോൾ മാത്രം തനതായ രുചിയും ഗുണങ്ങളും ലഭിക്കുന്ന ഉൽപന്നങ്ങൾക്കാണ് ഭൗമസൂചകപദവി നൽകുന്നത്.

കടും തവിട്ടു നിറത്തിലുള്ള മറയൂർ ശർക്കരയ്ക്ക് ഉപ്പുരസം തീരെയില്ല. ഇരുമ്പ്, കാൽസ്യം എന്നിവ കൂടുതലും, സോഡിയം സാന്നിധ്യം കുറവുമാണ്. 

തൃശൂർ കാർഷിക സർവകലാശാലയുടെ നേതൃത്വത്തില്‍  2016ൽ ആണ് ഭൗമ സൂചിക പദവിക്കുള്ള നടപടികൾ തുടങ്ങിയത്. മറയൂർ ശർക്കര വിൽപന നടത്താൻ കർഷകർ ‘ഓതറൈസ്ഡ് യൂസർ’ റജിസ്ട്രേഷൻ നേടണം. ഭൗമസൂചികാ പദവി, മേഖലയിലെ കർഷകർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

ഉൽപന്നങ്ങളുടെ പേര് ഉപയോഗിക്കാൻ റജിസ്ട്രേഷൻ നടത്തിയ കാർഷക കൂട്ടായ്മകൾക്ക് മാത്രമേ അനുവാദമുള്ളു. ജി.ഐ ഉൽപന്നത്തിന്റെ പേരിലുള്ള അനധികൃത വിൽപന 3 വർഷം തടവും പിഴയും ലഭിക്കുന്ന ശിക്ഷയാണ്. നിലവിൽ മറയൂര്‍ ശര്‍ക്കര കിലോയ്ക്ക് 55 മുതൽ 60 രൂപ വരെയാണ് ലഭിക്കുന്നത്. 80 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂവെന്ന് കർഷകർ പറയുന്നു.

വട്ടവട വെളുത്തുള്ളിക്കും ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍  പുരോഗമിക്കുകയാണ്.