ഈറ്റവെട്ട് പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല; തൊഴിലാളികള്‍ പ്രതിസന്ധിയിൽ

ഈറ്റവെട്ട് പുനരാരംഭിക്കാന്‍ നടപടിയില്ലാത്തതിനാല്‍ ഇടുക്കിയിലെ തൊഴിലാളികള്‍ പ്രതിസന്ധിയില്‍.  കരാര്‍ നടപടികള്‍ തുടങ്ങിയെങ്കിലും  പൂര്‍ത്തീകരിച്ചിട്ടില്ല. നേര്യമംഗലം, അടിമാലി, ആനക്കുളം വനമേഖലകളാണ് ജില്ലയിലെ പ്രധാന ഈറ്റക്കാടുകള്‍.

വനം വകുപ്പിന് കീഴിലെ വിവിധ മേഖലകളിൽ  നടന്നു വന്നിരുന്ന ഈറ്റവെട്ട്, ധാരാളം  തൊഴിലാളി കുടുംബങ്ങളുടെ വരുമാന മാര്‍ഗ്ഗമായിരുന്നു. എന്നാല്‍ ഈറ്റവെട്ട് പുനരാരംഭിക്കാനുള്ള നടപടികള്‍ ഇത്തവണ വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകാത്തതാണ് പ്രതിസന്ധി. വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിലേക്കായിരുന്നു നേര്യമംഗലം,അടിമാലി, ആനക്കുളം വനമേഖലകളില്‍ നിന്നും ഈറ്റ കയറ്റി അയച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഈ മൂന്ന് റേഞ്ചുകളില്‍ നിന്നും ഈറ്റ വെട്ടുന്നതിനുള്ള കരാര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനയ്യായിരം ടണ്‍ ഈറ്റവരെ ഈ മൂന്നു റേഞ്ചുകളില്‍ നിന്നായി വെട്ടി നല്‍കിയിരുന്നു.പിന്നീട് അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി വന്നതോടെ വെട്ടുന്ന ഈറ്റയുടെ അളവില്‍ കുറവ് സംഭവിച്ചു. ഒപ്പം തൊഴിലാളികളുടെ തൊഴില്‍ ദിനവും വെട്ടികുറച്ചു.  വര്‍ഷത്തില്‍ 6 മാസം മാത്രമാണ് ഇപ്പോള്‍ ഈറ്റവെട്ട് നടക്കുന്നത്. നാലായിരം ടണ്‍ ഈറ്റവെട്ടാനായിരുന്നു നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ നടപടികള്‍ ആരംഭിച്ചത്. ഇത് എങ്ങുമെത്താതെ വന്നതോടെയാണ് ഈ മേഖലയില്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ പ്രതിസന്ധിയിലായത്.