കാഞ്ഞിരപ്പള്ളിയില്‍ മഞ്ഞപ്പിത്തം പടരുന്നു; ബാധിച്ചവരെല്ലാം വിദ്യാർത്ഥികൾ

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മഞ്ഞപ്പിത്തം പടരുന്നു. ടൗണിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ കാഞ്ഞിരപ്പള്ളിയിൽ എട്ട് പേര്‍ക്ക് മഞ്ഞപിത്തം ബാധിച്ചതായി  ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. സ്കൂൾ വിദ്യാർത്ഥികളാണ് രോഗം ബാധിച്ചവരെല്ലാം.  സ്വകാര്യ ആശുപത്രികളിലടക്കം മഞ്ഞപ്പിത്തം ലക്ഷണത്തോടെ ഒട്ടേറെപ്പേര്‍ ചികില്‍സയിലുമുണ്ട്. രോഗം പടര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഭക്ഷണ വില്‍പന നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  വഴിയോര ശീതളപാനീയ വില്പനശാലകൾ താല്ക്കാലികമായി 'നിരോധിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. 

രോഗം പടരുന്ന സാഹചര്യത്തിൽ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി രോഗപ്രതിരോധ ബോധവത്കരണ ക്ലാസുകള്‍ നടത്തും. രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം എന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.