ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു; അനാസ്ഥ

എറണാകുളം ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളെ നേര്യമംഗലത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ വൈകുന്നു.  അനുവദിച്ച സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങളില്ല. മരങ്ങൾ വെട്ടിനീക്കാത്തതും ആദിവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായി. എറണാകുളം ജില്ലയിലെ ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാൻ നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടത്തിന് സമീപം 42 ഏക്കർ സ്ഥലമാണ് സർക്കാർ കണ്ടെത്തിയത്. 

2015ൽ നൂറോളം കുടുംബങ്ങൾ താല്‍ക്കാലിക കുടിലുകൾ ഉണ്ടാക്കി താമസം തുടങ്ങി. എന്നാൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഭൂരിപക്ഷം കുടുംബങ്ങളും ഇവിടം വിട്ടൊഴിഞ്ഞു. അവശേഷിച്ച 27 കുടുംബങ്ങൾ ദുരിതം പേറി ഇവിടെ ജീവിതം തള്ളിനീക്കുന്നു. ശുചിമുറികളും, വഴിയും നിര്‍മിക്കണമെങ്കിലും, വീടുകളിൽ വൈദ്യുതീകരണം പൂർത്തിയാക്കണമെങ്കിലും മരങ്ങൾ മുറിച്ചു നീക്കിയാലേ കഴിയൂ. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും നിവൃത്തിയില്ലാതായതോടെ ആദിവാസികൾ ഒന്നടങ്കം ശക്തമായ സമരത്തിന് തയാറെടുക്കുകയാണ്.

പരാതികളെ തുടർന്ന് മരങ്ങള്‍ വെട്ടാന്‍ വനം വകുപ്പ് ലേലത്തിന് ഒരുങ്ങിയെങ്കിലും ഉയർന്ന അടിസ്ഥാന വിലമൂലം നടന്നില്ല. ചതുപ്പ് നിറഞ്ഞ ഇവിടെ, മുറിച്ച മരങ്ങൾ കൊണ്ടുപോകാൻ വാഹനങ്ങൾ എത്തിക്കാനും പ്രയാസമാണ്. മരങ്ങളില്‍ ഏറെയും പാഴ്മരങ്ങൾ ആണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.