അനാസ്ഥ തുടരുന്നു; മുണ്ടക്കയത്ത് അംഗന്‍വാടി കെട്ടിടം അപകടാവസ്ഥയിൽ

മുണ്ടക്കയത്ത് അപകടാവസ്ഥയിലായ അംഗന്‍വാടി കെട്ടിടം പുതുക്കി നിര്‍മിക്കാതെ ഉദ്യോഗസ്ഥരുടെ അനാസ്ഥ തുടരുന്നു. ഏത് നിമിഷവും നിലംപൊത്താറായ കെട്ടിടത്തില്‍ 21 കുട്ടികളാണ് പഠിക്കുന്നത്. പുതിയകെട്ടിടത്തിനായി എട്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും  നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. 

 മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് വരിക്കാനിയിൽ പ്രവർത്തിക്കുന്ന അംഗൻവാടി കെട്ടിടമാണ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. 36വര്‍ഷം പഴക്കമുണ്ട് കെട്ടിടത്തിന്. ഭിത്തികളെല്ലാം വിണ്ടുകീറി. കഴിഞ്ഞ മഴയില്‍ മേല്‍ക്കൂരയിലെ ഓടുകല്‍ ഇളകിവീണു. മഴവെള്ളം ഒലിച്ചിറങ്ങി കുട്ടികളുടെ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെ നശിച്ചു. 21 കുട്ടികളാണ് അംഗന്‍വാടിയിലുള്ളത്. പുതിയ അംഗന്‍വാടി കെട്ടിടത്തിനായി മാതാപിതാക്കളുള്‍പ്പെടെ സമരത്തിനിറങ്ങി. കഴിഞ്ഞ വര്‍ഷം പുതിയ കെട്ടിടത്തിനായി എട്ട് ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയിലെ തര്‍ക്കം മൂലം നിര്‍മാണം ഇതുവരെ ആരംഭിച്ചില്ല.

കെട്ടിടം അതീവ ജീര്‍ണാവസ്ഥയിലായതോടെ സമീപത്തുള്ള ക്ലബിലേക്ക് കുട്ടികളെ മാറ്റിയാണ് പഠനം നടക്കുന്നത്. ഭക്ഷണം പാകംചെയ്യുന്നതുള്‍പ്പെടെ പഴയ കെട്ടിടത്തില്‍  തുടരുന്നു. പുതിയകെട്ടിടം നിര്‍മിക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ രംഗതെത്തി. അവഗണന തുടരുകയാണെങ്കില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങാനാണ് തീരുമാനം.