അധ്യാപകര്‍ രാപകല്‍ സമരത്തിൽ; തുടര്‍ന്നാല്‍ സ്കൂള്‍ അടച്ചിടുമെന്ന് മാനേജ്മെന്റ്

തൃശൂര്‍ ചെന്ത്രാപ്പിന്നി എസ്.എന്‍. വിദ്യാഭവനില്‍ അധ്യാപകര്‍ രാപകല്‍ സമരത്തില്‍. പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സമരം തുടര്‍ന്നാല്‍ സ്കൂള്‍ അടച്ചിടുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പു നല്‍കി. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് അധ്യാപകര്‍ സമരം തുടങ്ങിയത്. അഞ്ചു അധ്യാപകരെ പുറത്താക്കിയതാണ് സമരത്തിന് കാരണം. നേരത്തെ സമരം നടത്തിയപ്പോള്‍ അധ്യാപകരെ തിരിച്ചെടുക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചിരുന്നു. അങ്ങനെ, സമരം അവസാനിപ്പിച്ചിരുന്നു. പക്ഷേ, മാേനജ്മെന്റ് വാക്കുപാലിച്ചില്ലെന്ന് അധ്യാപകര്‍ പറയുന്നു.

അറുപത്തിയാറു അധ്യാപകരാണ് സമരത്തില്‍. അധ്യാപകരെ പിരിച്ചുവിട്ടതിന് എതിരെയാ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി വിധി വന്ന ശേഷം അനുയോജ്യമായ തീരുമാനമെടുക്കാമെന്നാണ് മാനേജ്മെന്റ് നിലപാട്.  സമരത്തെ എതിര്‍ത്തും അനുകൂലിച്ചും രക്ഷിതാക്കള്‍ നിലയറുപ്പിച്ചത് ബഹളത്തിനിടയാക്കിയിരുന്നു. വിദ്യാര്‍ഥികളും രണ്ടു ചേരിയിലാണ്. മാനേജ്മെന്റ് പ്രതിനിധിയെ കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂറോളം തടഞ്ഞുവച്ചിരുന്നു. പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. ‌