ദേശീയപാത തകര്‍ന്ന് അപകട മരണം; അധികൃതര്‍ക്കെതിരെ കേസ്

തൃശൂര്‍ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത തകര്‍ന്ന് അപകട മരണങ്ങളുണ്ടായ സംഭവത്തില്‍ ദേശീയപാത അധികൃതര്‍ക്ക് എതിരെ കേസെടുത്തു. ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണ് മനപൂര്‍വമായ നരഹത്യയ്ക്കു കേസെടുത്തത്. മണ്ണുത്തി..വടക്കുഞ്ചേരി ദേശീയപാതയില്‍ തകര്‍ന്ന റോഡില്‍ വീണ് ഇരുചക്ര വാഹന യാത്രികന്‍ മരിച്ചിരുന്നു. അശാസ്ത്രീയമായ റോഡു നിര്‍മാണത്തില്‍ ദേശീയപാത ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസെടുക്കാന്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആറു ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുക്കണം. 

മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയുടെ നിര്‍മാണം തുടങ്ങിയിട്ട ്പത്തുവര്‍ഷമായി. റോഡ് തകരുന്നത് നിത്യസംഭവമാണ്. അപകടങ്ങള്‍, ഗതാഗത കുരുക്ക് പതിവായ ഈ റൂട്ടില്‍ ദേശീയപാത അധികൃതരുടെ അലംഭാവം വ്യക്തമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി നിയമപോരാട്ടത്തിലാണ്. പലതവണ കോടതി ശാസിച്ചിട്ടും ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തില്ല. അവസാനം, കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഒക്ടോബര്‍ പത്തിനകം തകര്‍ന്ന റോഡ് േനരെയാക്കണമെന്ന് മന്ത്രി ജി.സുധാകരന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ദേശീയപാത അധികൃതരുടെ നിസംഗതയ്ക്കെതിരെ യു.ഡി.എഫും എല്‍.എഡി.എഫും ബി.ജെ.പിയും വെവ്വേറെ പന്തല്‍ കെട്ടി അനിശ്ചിതകാല സമരത്തിലാണ്.