36 ലക്ഷം മുടക്കി നവീകരിച്ച കുളത്തിൽ മാലിന്യം തളളുന്നു; മീനുകൾ ചത്തുപൊങ്ങുന്നു

മുപ്പത്തിയാറുലക്ഷം മുടക്കി നവീകരിച്ച ചങ്ങനാശ്ശേരി പൂക്കോട്ട്ചിറ കുളത്തിലെ മീനുകൾ ചത്തുപൊങ്ങുന്നു. കുളത്തിൽ വ്യാപകമായി മാലിന്യംതള്ളുന്നതുമൂലമാണ് മീനുകൾ ചത്തുപൊങ്ങിയതെന്ന് ആക്ഷേപമുയർന്നിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ല.ചങ്ങനാശേരി ടൗണിനോട് ചേർന്നു കിടക്കുന്ന വിസ്തൃതമായ പൂക്കോട്ടുചിറ കുളത്തിൽ പ്രതിദിനം നൂറുകണക്കിന് വലിയ മീനുകളാണ് ചത്തുപൊങ്ങുന്നത്. സർക്കാർതന്നെ നിക്ഷേപിച്ച കാർപ്പ്, വാള ഇനങ്ങളിൽപ്പെട്ട മീനുകളെല്ലാം ചത്തുപൊങ്ങിയിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ചെറിയ മീനുകൾ ചത്ത് തുടങ്ങിയത്. ഓടകളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽനിന്നും പുറന്തള്ളുന്ന മാലിന്യത്തിന് പുറമേ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം കുളത്തിലേക്ക് തള്ളുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അനിയന്ത്രിതമായ മലിനീകരണമാണ് കുളത്തിലെ ആവാസ വ്യവസ്ഥ നശിപ്പിച്ചതെന്നും നാട്ടുകാർ പറയുന്നു.

അതേസമയം മീനുകൾക്ക് രോഗബാധയാണെന്നും വാദമുണ്ട്. എന്നാൽ സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർ തയാറായിട്ടില്ല. ചത്തുപൊങ്ങുന്ന മൽസ്യങ്ങളെ നിലവിൽ നഗരസഭ നീക്കം ചെയ്യുന്നുണ്ട്. ടൂറിസവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നവീകരിച്ച കുളമാണ് മതിയായ സംരക്ഷണമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നത്.