അന്നമനടയിൽ കുന്നുകൂടിയ മാലിന്യം തള്ളാൻ ഇടമില്ല

മാള അന്നമനടയില്‍ പ്രളയക്കെടുതിയ്ക്കു ശേഷം കുന്നുകൂടിയ മാലിന്യങ്ങള്‍ തള്ളാന്‍ ഇടമില്ല. അവസാനം, പഞ്ചായത്ത് സ്റ്റേഡിയത്തില്‍ മാലിന്യം തള്ളിയതോടെ പ്രതിഷേധവുമായി കായികപ്രേമികള്‍ സംഘടിച്ചു.  

പ്രളയക്കെടുതിയില്‍ കൂടുതല്‍ നാശംവിതച്ച ഒരു പഞ്ചായത്താണ് മാള അന്നമനട. നിരവധി വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വഴിയോരങ്ങളില്‍ കുമിഞ്ഞു കൂടിയപ്പോള്‍ ആരോഗ്യഭീഷണിയായി. ഉടനെ, പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു. മാലിന്യങ്ങള്‍ വേര്‍തിരിക്കാനുള്ള സ്ഥലം അന്വേഷിച്ചു. പഞ്ചായത്ത് ഓഫിസിന്റെ തൊട്ടടുത്തുള്ള സ്റ്റേഡിയമാണ് തിരഞ്ഞെടുത്തത്. 

സപ്ലൈകോ ഷോറൂമില്‍ വെള്ളം കയറിയപ്പോള്‍ നശിച്ച ഭക്ഷ്യവസ്തുക്കള്‍ സ്റ്റേഡിയത്തില്‍ കുഴിയെടുത്ത് മൂടി. പിന്നെ, രണ്ടു ലോഡ് മാലിന്യങ്ങളും തള്ളി. ഈ സമയത്തായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. വിജനമായ സ്ഥലം കണ്ടെത്തി മാലിന്യ വേര്‍തിരിക്കണമെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. പ്രളയാനന്തരം കുന്നുകൂടിയ മാലിന്യം തദ്ദേശസ്ഥാപനങ്ങള്‍ക്കു തലവേദനയായി മാറിയിട്ടുണ്ട്.