ഇടുക്കിയിലെ ദുരിതപ്പെയ്ത്തിന് ശമനമില്ല; നാലുനില കെട്ടിടം മണ്ണിടിച്ചിലില്‍ നിലം പതിച്ചു

ഇടുക്കി ജില്ലയിൽ മൂന്ന് ദിവസമായി  കനത്ത മഴ തുടരുന്നു.  ആനച്ചാല്‍ മൂന്നാര്‍ റൂട്ടില്‍  ആല്‍ത്തറയ്ക്ക് സമീപം നാലുനില കെട്ടിടം മണ്ണിടിച്ചിലില്‍ നിലം പതിച്ചു. ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധിയാണ്.ജില്ലയുടെ പല ഭാഗങ്ങളിൽ മഴ തകര്‍ത്ത് പെയ്യുകയാണ്. മണ്ണിടിഞ്ഞും മരം കടപുഴകി വീണും ‌നൂറ്കണക്കിന് വീടുകള്‍ നശിച്ചു.

അടിമാലി മൂന്നാര്‍ റൂട്ടില്‍ ആനച്ചാല്‍ ആല്‍ത്തറയ്ക്ക് സമീപം റോഡരുകിൽ കെട്ടിയുയര്‍ത്തിയ ബഹുനില കെട്ടിടം മണ്ണിടിച്ചിലില്‍ പൂര്‍ണ്ണമായി തകര്‍ന്ന് വീണു. ഹോംസ്റ്റേയ്ക്ക് നിര്‍മിച്ച കെട്ടിടത്തില്‍ അപകടസമയത്ത് ആളുകളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പലയിടത്തും വീടുകള്‍ക്കും   വാഹനങ്ങള്‍ക്കും  മുകളില്‍  മരം വീണെങ്കിലും  തലനാരിഴയ്ക്കാണ്  ആളപായം ഒഴിവായത്. കല്ലാര്‍കുട്ടി പാറത്തോട്  പുതിയ  പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗികമായി തകര്‍ന്നു. ജലനിരപ്പുയര്‍ന്നതിനാല്‍ കല്ലാര്‍കുട്ടി, മലങ്കര, ലോവര്‍പരിയാര്‍ തുടങ്ങിയ അണക്കെട്ടുകള്‍ തുറന്നുവിട്ടിരിക്കുകയാണ്. 

ചീയപ്പാറ ഉള്‍പ്പടെയുള്ള വെള്ളച്ചാട്ടങ്ങളില്‍  അപകട സാധ്യതയുള്ളതിനാല്‍  സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. തേക്കടിയില്‍ രണ്ടു ദിവസത്തേയ്ക്ക് ബോട്ടിംഗ് നിര്‍ത്തിവെച്ചു. ശക്തമായ കാറ്റില്‍ ഏലപ്പാറ സ്ക്കൂളിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ജില്ലയില്‍  ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. മഴ തുടരുന്നതിനാല്‍ ജില്ലയിലെ സ്ക്കൂളുകള്‍ക്കും അംഗന്‍വാടികള്‍ക്കും ചെവ്വാഴ്ച്ച അവധി നല്‍കി. പകരം ഈ മാസം 23ന് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.