കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് വെട്ടിപൊളിച്ച റോഡ് നന്നാക്കാന്‍ നടപടിയില്ല

ഒന്നരവർഷം മുമ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് വെട്ടിപൊളിച്ച റോഡ് നന്നാക്കാന്‍ നടപടിയില്ല. എറണാകുളം ചൂണ്ടി - രാമമംഗലം നിവാസികളാണ് മഴക്കാലം എത്തിയതോടെ ദുരിതത്തിലായത്. ജലവകുപ്പും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരുന്നതാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം.  

കുഴികൾ നിറഞ്ഞ റോഡിൽ മഴക്കാലം ആരംഭിച്ചതോടെ ചെളിയും നിറഞ്ഞതോടെ വാഹനങ്ങൾക്കെന്നല്ല കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുമെന്ന് ഉറപ്പു നൽകിയ ശേഷമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാര്‍ ഉപരോധം അവസാനിപ്പിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഒരു ഫലവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

ജല അതോറിറ്റിയുടെ മേല്‍ പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം. റോഡ് നന്നാക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് നാട്ടുകാരുടെ നിലപാട്.