ആഗോള ജൈവ സംഗമത്തിന് കോട്ടയത്ത് തുടക്കം

കാര്‍ഷിക സംസ്കാരത്തിന്‍റെ  നിറ കാഴ്ചകളുമായി പ്രകൃതി–  ആഗോള ജൈവ സംഗമത്തിന് കോട്ടയത്ത് തുടക്കം.  സിഎംഎസ് കോളജ് ക്യാംപസിനകത്ത്  എം.ജി. സര്‍വകലാശാല സംഘടിപ്പിച്ചിരിക്കുന്ന  കാര്‍ഷിക മേളയില്‍ പുഷ്പ ഫല സസ്യപ്രദര്‍ശനത്തിനൊപ്പം  നവീന കൃഷിരീതികളെക്കുറിച്ചുള്ള ക്ലാസുകളും സെമിനാറുകളും  സംഘടിപ്പിച്ചിട്ടുണ്ട്.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എം.ജി. സര്‍വകലാശാല സുസ്ഥിര ജൈവകൃഷി പഠന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലാണ്  ഭക്ഷ്യ–കാര്‍ഷിക മേള സംഘടിപ്പിച്ചിരിക്കുന്നത്.  അമ്പതിലധികം സ്റ്റാളുകളിലായി വിവിധ വിളകളും ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കാര്‍ഷിക ചരിത്രം പ്രതിപാദിക്കുന്നതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ കൃഷി രീതികളെ അടുത്തറിയാനും മേളയില്‍ അവസരമൊരുക്കിയിട്ടുണ്ട്. ജൈവ ഉല്‍പന്നങ്ങളാണ്  ഹൈലൈറ്റ്. വിവിധയിനം ചെടികള്‍, വിത്തുകള്‍ എന്നിവ വാങ്ങാനും അവസരമുണ്ട്.  സംസ്ഥാന കൃഷിവകുപ്പിന്‍റെ സഹകരണത്തോടെ മണ്ണുപരിശോധനയ്ക്കുള്ള സൗകര്യവും  ഒരുക്കിയിട്ടുണ്ട്.

വനയാത്ര ആസ്വദിക്കാനും മേളയില്‍ അവസരമൊരുക്കിയിട്ടുണ്ട്. കോളജ് ക്യാപസിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തന്നെയാണ് ഇതിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്. നാല്‍പതിലധികം ചിത്രകാരന്‍മാര്‍ ജൈവ വൈവിധ്യം പ്രമേയമാക്കി ചിത്ര രചനയും നടത്തുന്നു.  രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെയാണ് പ്രദര്‍ശനം കാണാനുള്ള അവസരം. രാജ്യാന്തര സെമിനാര്‍ ഒഴികെയുള്ള വേദികളില്‍ പ്രവേശനം സൗജന്യമാണ്.