ചികില്‍സ നിഷേധിച്ചതുമൂലം രോഗി മരിച്ചെന്ന് ആരോപിച്ച് പ്രതിഷേധം

ചികില്‍സ നിഷേധിച്ചതുമൂലം രോഗി മരിച്ചെന്ന് ആരോപിച്ച് തൃശൂര്‍ എലൈറ്റ് ആശുപത്രിക്കു മുമ്പില്‍ തുടര്‍ച്ചയായി മൂന്നാംദിവസവും നാട്ടുകാരുടെ പ്രതിഷേധം. ആശുപത്രിയ്ക്കു മുമ്പില്‍ മാര്‍ച്ച് തടഞ്ഞതോടെ പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

തൃശൂര്‍ വലിയാലുക്കല്‍ സ്വദേശി രണദേവിനെ വാഹനപകടത്തില്‍ ഗുരുതരാവസ്ഥയില്‍ പരുക്കേറ്റ് കൊണ്ടുവന്നപ്പോള്‍ ആശുപത്രിക്കാര്‍ ചികില്‍സ നിഷേധിച്ചെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആശുപത്രി ഉപരോധിക്കാന്‍ മൂന്നാംദിവസവും എത്തി. ആശുപത്രിയിലേക്ക് ഇരച്ചുക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് തടഞ്ഞു. ഇതോടെ ഉന്തുംതള്ളുമായി. 

ആശുപത്രി ഉടമകളെ പ്രതികളാക്കി ഗൗരവമായ വകുപ്പുചാര്‍ത്തി കേസെടുക്കണമെന്നാണ് ആവശ്യം. പ്രഥമദൃഷ്്ട്യാ വീഴ്ചയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചികില്‍സയിലെ അനാസ്ഥയ്ക്കെതിരെ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മൊഴിയെടുത്ത ശേഷമായിരിക്കും നടപടി. വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് വിട്ടെന്നാണ് വിശദീകരണം. കര്‍ശനമായ നടപടിയെടുക്കും വരെ സമരം തുടരും.