കൊച്ചി മെട്രോ: ഇടപ്പള്ളി സ്റ്റേഷന്റെ നിയന്ത്രണം വളയിട്ട കൈകള്‍ക്ക്

പൂർണമായും സ്ത്രീസൗഹൃദസ്റ്റേഷനായി മാറാനുള്ള കൊച്ചി മെട്രോ ഇടപ്പള്ളി സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്ക് വനിതാദിനത്തിൽ തുടക്കം. ഇടപ്പള്ളി സ്റ്റേഷന്റെ നിയന്ത്രണമടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളും വനിതാദിനത്തിൽ സ്ത്രീകളുടെ കരങ്ങളിൽ ഭദ്രമായിരുന്നു.

തുടക്കം മുതൽ ജീവനക്കാരിലെ വനിതാപ്രാതിനിധ്യം കൊണ്ട് കൂടിയായിരുന്നു കൊച്ചി മെട്രോ രാജ്യത്തെ മറ്റ് മെട്രോകളിൽ നിന്ന് വേറിട്ട് നിന്നത്. ഇപ്പോഴിതാ ഒരു സ്റ്റേഷന്റെ നിയന്ത്രണം പൂർണമായും സ്ത്രീകൾക്ക് കൈമാറി നൂറ് ശതമാനം സ്ത്രീസൗഹൃദ സ്റ്റേഷനാകാനുള്ള യത്നങ്ങൾക്ക് കൂടിയാണ് കെഎംആർഎൽ തുടക്കമിടുന്നത്. ഇടപ്പള്ളി സ്റ്റേഷൻ വൈകാതെ ആ പദവി കൈവരിക്കും. മുലയൂട്ടുന്ന അമ്മമാർക്കുള്ള ഫീഡിങ് റൂം, നാപ്കിൻ വെൻഡിങ് മെഷീൻ എന്നിവയും വനിതാദിനത്തിൽ ഇടപ്പള്ളി സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി

വനിതാദിനത്തിന്റെ ഭാഗമായി ഇടപ്പള്ളി സ്റ്റേഷന്റെ നിയന്ത്രണം പൂർണമായും വനിതാജീവനക്കാര്ക്ക് കൈമാറിയിരുന്നു. തീർത്തും ഉത്സവാന്തരീക്ഷത്തിൽ തന്നെയാണ് മെട്രോ നിലവിൽ വന്ന ശേഷമുള്ള ആദ്യ വനിതാദിനത്തിൽ കെഎംആർഎല്ലിലെ പെൺകൂട്ടം ആഘോഷിച്ചതും