സ്കൂള്‍ മുറ്റത്തു ഔഷധ കൂടാരമൊരുക്കി വിദ്യാര്‍ഥികളും അധ്യാപകരും

സ്കൂള്‍ മുറ്റം ഔഷധ സസ്യങ്ങളുടെ കലവറയാക്കി സേനാപതി മാര്‍ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. അന്‍പതിലധികം ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തി ജൈവ വൈവിദ്യ പാര്‍ക്കിനാണ് രൂപം നല്‍കിയത്. നല്ലപാഠത്തിന്‍റെ കുട്ടികര്‍ഷകരാണ് കാടുപിടിച്ച്  കിടന്ന സ്ഥലത്ത് പച്ചതുരുത്ത് ഒരുക്കിയത്.

ആടലോടകം, നീലക്കൊടുവേലി, രുദ്രാക്ഷം, പതിമുഖം, നീര്‍മാതളം, കുന്തിരിക്കം എന്നിങ്ങനെ നീളും സ്കൂള്‍ മുറ്റത്തെ ഔഷധ കൂടാരത്തിലെ സമ്പത്ത്. പുതുതലമുറ കേട്ട് പരിചയംപോലുമില്ലാത്ത ഔഷധ സസ്യങ്ങളെ സ്കൂളിലെ ജൈവവൈവിധ്യ പാര്‍ക്കില്‍ കാണാം. നാളെയുടെ നിലനില്‍പ്പിന് പച്ചപ്പ് അനിവാര്യമാണെന്ന തിരിച്ചറിവാണ് കാടുപിടിച്ച് കിടന്ന സ്കൂള്‍ മുറ്റം പാര്‍ക്കായി മാറിയത്. ആയുര്‍വേദത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യം ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്താന്‍ കാരണമായി. 2004ല്‍ നാഗാര്‍ജുനയില്‍ നിന്നാണ് ഔഷധ തൈകള്‍ വാങ്ങിയത്. ഇത് പിന്നീട് വിദ്യാര്‍ഥികളും അധ്യാപകരും നട്ടു നനച്ചു. കടുത്ത വേനലിലും തണല്‍ വിരിച്ച് നില്‍ക്കുന്ന ഈ മരങ്ങള്‍ ഒരു ആശ്വാസമാണ്. 

പാര്‍ക്കിന് നടുവില്‍ തെളിനീര് നിറയുന്ന ഒരു ആമ്പല്‍ക്കുളവും ഒരുക്കിയിട്ടുണ്ട്. വേനല്‍കടുത്തതോടെ പക്ഷികള്‍ക്കും അണ്ണാറക്കണ്ണനും മണ്‍കുടത്തില്‍ വെള്ളവും ആഹാരവും കുട്ടികള്‍ നല്‍കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ നല്ലപാഠം കൂടിയാണ് കുട്ടികൂട്ടുകാര്‍ പങ്കുവെയ്ക്കുന്നത്.