നഗരമധ്യത്തിൽ വീട് കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം

എറണാകുളം നഗരമധ്യത്തിൽ വീട് കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം. പുല്ലേപ്പടിക്ക് സമീപം വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ച് കടന്ന കവർച്ചാസംഘം അഞ്ചുപവൻ തട്ടിയെടുത്തു. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 

സർക്കാർ സർവീസില്‍ നിന്ന് വിരമിച്ച ഇ.കെ.ഇസ്മയിലും കുടുംബവും താമസിക്കുന്ന എറണാകുളം പുല്ലേപ്പടിയിലെ വീട്ടിൽ പുലർച്ചെയാണ് കവർച്ചാസംഘം കടന്നുകയറിയത്. ജനലിന്റെ അഴികൾ ഇളക്കിമാറ്റിയാണ് ഉള്ളില്‍ കടന്നതെന്ന് വ്യക്തം. വീട് റെയിൽവേ ലൈനിനോട് ചേർന്നായതിനാലാകാം ശബ്ദം കേൾക്കാതെ പോയത് എന്നാണ് നിഗമനം. ഉറക്കത്തിലായിരുന്ന വീട്ടുടമ ഉണർന്നയുടൻ നാലംഗ സംഘം ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഭാര്യയുടെ കഴുത്തിൽ കത്തിപോലെ എന്തോ ഒന്ന് അമർത്തിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. 

 ഒടുവിൽ ധരിച്ചിരുന്ന അഞ്ച് പവന്റെ ആഭരണങ്ങള്‍ ഊരിവാങ്ങി. മുകൾനിലയിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഡ്രൈവർ ബഹളം കേട്ട് ഇറങ്ങിവന്നപ്പോള്‍ കവർച്ചാസംഘം ആക്രമിക്കാൻ ശ്രമിച്ചു. മറ്റ് മുറികളിൽ ഉണ്ടായിരുന്നവരും ഉണർന്നതായി സംശയം തോന്നിയതോടെ കവർച്ചാശ്രമം ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണർ അടക്കം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡിനെ എത്തിച്ച് പരിശോധന നടത്തി. എട്ടംഗസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. അടുത്ത പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.