കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ കുട്ടിയാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. കോതമംഗലം തട്ടേക്കാട് ഫോറസ്റ്റ് റെയ്ഞ്ചിൽ ഉരുളൻതണ്ണി വനമേഖലയോട് ചേർന്നുള്ള പറമ്പിലെ കിണറിലാണ് ആന വീണത്. 

ആറുവയസുപ്രായമുള്ള കുട്ടിക്കൊമ്പൻ. ഉപയോഗശൂന്യമായ കിണറില്‍ അബദ്ധത്തില്‍ അകപ്പെട്ട കുട്ടിയാനയെ ഇന്നലെ രാത്രിതന്നെ പുറത്തെടുക്കാൻ ശ്രമം തുടങ്ങിയിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനപാലകർ എത്തിയെങ്കിലും കാട്ടാനക്കൂട്ടം സ്ഥലത്ത് തമ്പടിച്ചതോടെ രക്ഷാപ്രവർത്തനം വൈകി. ഒടുവിൽ ഇന്ന് പുലർച്ചയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ച് വഴിയുണ്ടാക്കിയാണ് ആനയെ രക്ഷപ്പെടുത്തിയത് 

കുട്ടിക്കൊമ്പൻ വനാതിർത്തിയിലെത്തിയതോടെ തുമ്പിക്കൈ ഉയർത്തി കാട്ടാനക്കൂട്ടവും മടങ്ങി.