കൊച്ചി-ധനുഷ്ക്കോടി ദേശീയപാത വികസനം; വനം വകുപ്പ് അനുമതി ലഭിച്ചില്ല

കൊച്ചി-ധനുഷ്ക്കോടി ദേശീയപാത വികസനം പ്രതിസന്ധിയിലാക്കി വനംവകുപ്പിന്റെ ഇടപെടൽ. പെരിയകനാൽ മുതൽ ബോഡിമെട്ട് വരെയുള്ള റോഡിന്റെ നിർമാണം ആരംഭിക്കാൻ വനംവകുപ്പ് ഇനിയും അനുമതി നൽകിയില്ല. സിഎച്ച്ആർ ഭൂമിയിൽ നിർമാണം നടത്താൻ അനുമതി തേടിയില്ലെന്ന് ചൂണ്ടികാട്ടിയാണ് വനംവകുപ്പിന്റെ നടപടി. 

അപകടക്കെണിയായി മാറിയ കൊച്ചി ധനുഷ്ക്കോടി ദേശിയപാത വീതികൂട്ടാനുള്ള നടപടികൾ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 46 കിലോമീറ്റർ റോഡിന്റെ വീതി പന്ത്രണ്ട് മീറ്ററാക്കി ഉയർത്താനാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ 380 കോടി രൂപ ചെലവിട്ടുള്ള നിർമാണം കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ഒന്നരവർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെങ്കിലും വനംവകുപ്പിന്റെ ഇടപെടൽ നിർമാണം പ്രതിസന്ധിയിലാക്കി. പെരിയകനാൽ മുതൽ ബോഡിമെട്ട് വരെ നീളുന്ന 26കിലോമീറ്റർ സിഎച്ച്ആർ ഭൂമിയാണ്. ഇവിടെ നിർമാണം നടത്തണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വാങ്ങണം. കരാറുകാരൻ ഇത് പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി മൂന്നാർ ഡിഎഫ്ഒ സ്റ്റോപ്മെമ്മോ നൽകി. ഒരു മാസം പിന്നിട്ടിട്ടും റോഡ് നിർമാണം പുനരാരംഭിക്കാനായില്ല. ഇതോടെ വനംവകുപ്പിനെതിരെ നാട്ടുകാരും രംഗതെത്തി. 

ദേശീയപാത വികസനം പാതിവഴിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. സിഎച്ച്ആറിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് അനുവദിച്ചുകൊണ്ടുള്ള കലക്ടറുടെ എൻഒസി ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. പെരിയകനാൽ വരെയുള്ള ഭാഗത്ത് നിർമാണം തടസമില്ലാതെ പുരോഗമിക്കുന്നുണ്ട്. വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാർ.