കിഴക്കമ്പലം ശുചിയാക്കാൻ ട്വന്റി ട്വന്റി കൂട്ടായ്മ

നാട്ടിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി കൂട്ടായ്മ. എല്ലാ ഞായറാഴ്ചകളിലും നാട്ടുകാരൊന്നിച്ച് സ്വന്തം വീടും വീട്ടു പരിസരവും വൃത്തിയാക്കുന്ന പദ്ധതിയ്ക്ക് പഞ്ചായത്തില്‍ തുടക്കമായി. ക്ലീന്‍ കിഴക്കമ്പലം എന്ന പേരിട്ട പദ്ധതിയ്ക്ക് മുഴുവന്‍ ഗ്രാമവാസികളുടെയും പിന്തുണയുറപ്പിക്കാനുളള ശ്രമത്തിലാണ് പഞ്ചായത്ത് അധികൃതര്‍. 

കിഴക്കമ്പലത്തുകാർക്കെല്ലാം ഞായറാഴ്ച്ച തിരക്കുപിടിച്ച ദിവസമാണ്. സ്വന്തം നാട് വൃത്തിയാക്കാൻ ഒരു മടിയും കാട്ടതെ അവർ റോഡിലിറങ്ങും. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകമായി തരംതിരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. 

പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുവച്ച ആശയത്തിന് ആദ്യ ഘട്ടത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇനി മുതല്‍ എല്ലാ ഞായറാഴ്ചയും വാര്‍ഡുതല കൂട്ടായ്മകള്‍ നാടു വൃത്തിയാക്കാനിറങ്ങും. നിരന്തര പ്രവര്‍ത്തനത്തിലൂടെ മുഴുവന്‍ ഗ്രാമവാസികളെയും പദ്ധതിയുടെ ഭാഗമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതരും ട്വന്‍റി ട്വന്‍റി കൂട്ടായ്മയും.