തൃശൂര്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി

അന്‍പതു വര്‍ഷമായി തൃശൂര്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ആശുപത്രി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. നഴ്സുമാരുടെ വേതന വര്‍ധന താങ്ങാന്‍ കഴിയില്ലെന്ന് കാരണം പറഞ്ഞാണ് ആശുപത്രി പൂട്ടിയത്. നൂറിലധികം ജീവനക്കാര്‍ ഇതോടെ പെരുവഴിയിലായി. 

ചാലക്കുടി സിസിഎംകെ ആശുപത്രിയാണ് പൂട്ടിയത്. നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ചതോടെ ആശുപത്രി നടത്തിപ്പ് ബാധ്യതയാെണന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നേരത്തെ ഐവിജിഎം എന്നറിയിപ്പെട്ടിരുന്ന ആശുപത്രിയാണിത്. 126 ജീവനക്കാരുണ്ട്. ഇവരുടെ തൊഴില്‍ നഷ്ടപ്പെടും. ഇവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതോടെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായി. 

വിവരമറിഞ്ഞ് എത്തിയ നഗരസഭാധികൃതര്‍ ആശുപത്രി മാനേജ്മെന്റുമായി ചര്‍ച്ച നടത്തി. ‍ഞായറാഴ്ച ചര്‍ച്ച നടത്താമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിലെ ഡോക്ടർമാരുടെ യോഗം വിളിച്ച് അധികൃതർ പൂട്ടുകയാണെന്ന വിവരമറിയിച്ചിരുന്നു. കിടത്തി ചികിൽസ വിഭാഗത്തിലുണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തു വിട്ടു. ഒപി, ഐപി വിഭാഗങ്ങളുടെ പ്രവർത്തനം പൂർണമായി നിലച്ചു. ശസ്ത്രക്രിയ നടത്തിയ രോഗികളോടും ഡിസ്ചാർജ് ചെയ്തു പോകാൻ ആവശ്യപ്പെട്ടതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.