വീട്ടമ്മമാർക്കായി റെഡി ടു കുക്ക് വെജിറ്റബിൾ പദ്ധതിയുമായി കൃഷി വകുപ്പ്

അടുക്കളയിൽ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന വീട്ടമ്മമാർക്ക് ആശ്വാസമേകാൻ കൃഷി വകുപ്പിന്റെ റെഡി ടു കുക്ക് വെജിറ്റബിൾ പദ്ധതി. പച്ചക്കറികൾ കഴുകി കഷ്ണങ്ങളാക്കി കറിവെക്കാം പാകത്തിൽ എത്തിക്കുന്ന പദ്ധതി തൊടുപുഴ നഗരസഭയിലാണ് നടപ്പിലാക്കിയത്. കൂർക്കയും വാഴക്കൂമ്പും ഉൾപ്പെടുന്ന നാടൻ പച്ചക്കറിയിനങ്ങളും ജനകീയമാക്കുകയാണ പദ്ധതിയുടെ ലക്ഷ്യം. 

കടയിൽ പോയി നല്ല പച്ചക്കറി നോക്കി വാങ്ങണം, കഴുകണം, തൊലി കളയണം, കഷ്ണങ്ങളാക്കണം അങ്ങനെ കറിവെക്കുന്നതിന് മുമ്പ് പിടിപ്പത് പണിയാണ് വീട്ടമ്മമാർക്ക്. ഇനി വീട്ടിലുള്ളവരെല്ലാം ജോലിക്കാരാണങ്കിലോ പണി ഇരട്ടിയാണ്. ടെൻഷനടിച്ച് വട്ടംകറങ്ങിയ വീട്ടമ്മമാരെ ടെൻഷൻ ഫ്രീയാക്കുകയാണ് കൃഷി വകുപ്പിന്റെ റെഡി ടു കുക്ക് പദ്ധതി. 

രാവിലെ കർഷകരിൽ നിന്ന് പച്ചക്കറി ശേഖരിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ശേഖരിച്ച പച്ചക്കറികൾ യന്ത്രങ്ങളുടെ സഹായത്തോടെ കഴുകിയെടുക്കും. ആവശ്യമായവയുടെ പുറംതൊലി മറ്റൊരു യന്ത്രത്തിന്റെ സഹായത്തോടെ നീക്കം ചെയ്യും. ചോപ്പർ യന്ത്രങ്ങൾ ആവശ്യമായ അളവിൽ പച്ചക്കറി കഷ്ണങ്ങളാക്കി തരും. യന്ത്രങൾക്ക് കഴിയാത്തത് ജീവനക്കാർ നേരിട്ട് കഷ്ണങ്ങളാക്കും. ഉച്ചയോടെ റെഡി ടു കുക്ക് പച്ചക്കറി പായ്ക്കറ്റിലാക്കി വിപണിയിലെത്തും. 

തൊടുപുഴ സിവിൽ സ്റ്റേഷനിൽ മാത്രം പ്രതിദിനം നൂറോളം പാക്കറ്റ് പച്ചക്കറികൾ വിറ്റഴിയുന്നുണ്ട്. 400 ഗ്രാം പാക്കറ്റിന് 20 മുതൽ നാൽപത് രൂപവരെയാണ് വില. കറിവെക്കാനുള്ള കഷ്ട്ടപ്പാട് മൂലം തീൻമേശയിൽ നിന്നൊഴിവാക്കിയ കൂർക്കയും വാഴക്കൂമ്പുമൊക്കെ റെഡി ടു കുക്ക് ജനകീയമാക്കി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തൊടുപുഴ നഗരസഭയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ഥിരമായി വിപണന കേന്ദ്രിമില്ലാത്തതാണ് ആകെയുള്ള പോരായ്മ. നഗരസഭയുടെ സഹകരണത്തോടെ ആ പ്രശ്നവും ഉടൻ പരിഹരിക്കും.