ഈ കോംബിനേഷൻ പരീക്ഷിക്കരുത്; ഒളിഞ്ഞിരിക്കുന്ന അപകടം; വിഡിയോ

ഭക്ഷണത്തിൽ പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നവരാണ് ചിലർ. നാവിൽ കൊതിയൂറുന്ന ഇത്തരം ആഹാരങ്ങൾക്കു വൻഡിമാൻഡാണ്. സോഷ്യൽമീഡിയകളിൽ ട്രെൻഡിങ്ങിൽ ഇടംപിടിക്കാറുണ്ട് ഇത്തരം പരീക്ഷണങ്ങൾ. എന്നാൽ അപൂർവമെങ്കിലും ഇത്തരം കോംബിനേഷനുകൾ അപകടകരമാകാറുണ്ട്. 

പരീക്ഷണങ്ങൾ കൂടുതലായും തിളച്ചു മറിയുന്ന ഇടമാണ് സ്ട്രീറ്റ്ഫുഡ് ലഭിക്കുന്ന കേന്ദ്രങ്ങൾ. ഒരു തവണ രുചിച്ചാൽ മതി വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. എന്നാൽ പിന്നിൽ പതിയിരിക്കുന്ന അപകടസാധ്യത തിരിച്ചറിയണം. ഇല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകാം. സ്ട്രീറ്റ്ഫുഡിൽ നടന്ന ഒരു പരീക്ഷണമാണ് ഇപ്പോൾ വെർച്വൽ ലോകത്ത് വൈറലായിരിക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ പ്രഭാത ഭക്ഷണമായും ചിലപ്പോഴൊക്കെ അത്താഴമായും തീൻമേശയിൽ ഇടംപിടിക്കാറുള്ള മാഗിയിൽ നടത്തിയ ഒരു ചെറു പരീക്ഷണത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പങ്കുവയ്ക്കപ്പെടുന്നത്.

പാചകമൊന്നും അധികം വശമില്ലാത്തവർ പോലും മാഗിയിൽ പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്താറുണ്ട്. ചിലപ്പോൾ നിറയെ പച്ചക്കറികൾ ചേർത്ത് മറ്റുചിലപ്പോൾ സൂപ്പ് പരുവത്തിൽ അല്ലെങ്കിൽ കൈയിൽ കിട്ടുന്ന, കണ്ണിൽ കാണുന്ന മസാലകളൊക്കെ ചേർത്തായിരിക്കും മാഗി തയാറാക്കുക. എന്നാൽ ഗാസിയബാദിൽ നിന്നും പകർത്തിയ ഒരു വിഡിയോ കാട്ടിത്തരുന്നത് കൊക്കക്കോള ചേർത്തൊരു മാഗിയുടെ രുചിവിശേഷങ്ങളാണ്. 

ഭൂക്കഡ് ദിൽ കേ (Bhukkad Dilli Ke) എന്ന ഇൻസ്റ്റഗ്രാം പേജിലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് കൊക്കോ–കോള മാഗി ചർച്ചയായത്. ഒരു പാനിൽ ആദ്യം അൽപം എണ്ണയൊഴിച്ച് പച്ചക്കറികൾ ചേർത്തതിനു ശേഷം ഉപ്പും മസാലകളും വിതറി ഒരു ചെറിയകുപ്പി കൊക്കക്കോള ഒഴിച്ച് അതിലേക്ക് മാഗിയും മസാലയും ചേർത്ത് പാൻ അടച്ചുവച്ച് വേവിക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. രണ്ടുലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്.

സമ്മിശ്ര പ്രതികരണങ്ങളാണ് വിഡിയോ കണ്ട ആളുകൾ നടത്തുന്നതെങ്കിലും കൊക്കക്കോള ചൂടാക്കുന്നത് അത് വിഷലിപ്തമാക്കുമെന്ന അഭിപ്രായമാണ് വിഡിയോ കണ്ട ഭൂരിപക്ഷം ആളുകളും പങ്കുവയ്ക്കുന്നത്. പരീക്ഷണങ്ങൾ നല്ലതാണെങ്കിലും കോംബിനേഷൻ കൊണ്ടു വിഷമയമാകുന്ന ആഹാരങ്ങളുണ്ടാക്കുകയോ അതിന്റെ വിഡിയോ ഇങ്ങനെ പങ്കുവയ്ക്കുകയോ ചെയ്യുന്നത് ശരിയല്ലെന്ന് പറയുന്നവരും കുറവല്ല.