ഈ ഡാഡിയും മോനും പാചകം ചെയ്ത് യൂട്യൂബിൽ കൊയ്യുന്നത് ലക്ഷങ്ങൾ

"ഡാഡീ നീങ്ക റെഡിയാ?" ഗോപിനാഥാൻ ഇത് ചോദിക്കുമ്പോൾ അറുമുഖൻ കൊമ്പൻമീശപിരിച്ച് കൈലി മടക്കികുത്തി പറയും " ആമാ കണ്ണേ റെഡിതാൻ''. പിന്നെ ഒരു മേളമാണ്.

വലിയമുട്ടനാടിന്റെ  കാൽ കറിവച്ചത്, 300 മുട്ടകൊണ്ട് ബുൾസൈ, 100 ചിക്കൻ ലിവർകൊണ്ട് ഫ്രൈ, തനിനാടൻ കെഎഫ്എസി ചിക്കൻ അങ്ങനെ നീളുന്നുവിഭങ്ങൾ. ഡാഡി പാചകം ചെയ്യുന്നത് മകന് ഷൂട്ട് ചെയ്ത് സ്വന്തം ചാനലായ വില്ലേജ് ഫുഡ് ഫാക്ടറിയിലിടും. വീഡിയോ വരേണ്ടതാമസം കണ്ണടച്ച് തുറക്കും മുമ്പേ ലൈക്കുകളുടെയും വ്യൂവുകളുടെയും ബഹളമാണ്. 100 മില്ല്യണിലധികം കാഴ്ചകാരും ഒരു ദശലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ട്. കാഴ്ചക്കാരും സബ്സ്ക്രൈബേഴ്സും കൂടുന്നതിന് അനുസരിച്ച് അച്ഛന്റെയും മകന്റെയും പോക്കറ്റിൽ വീഴുന്നത് ലക്ഷങ്ങൾ. 50,00,000 പേർ തുടക്കത്തിൽ ഒരു വീഡിയോ കണ്ടപ്പോൾ കിട്ടിയത് 1,50,000 രൂപ.

അതൊരു പ്രചോദനമായിരുന്നു. പേരുപോലെ തന്നെ തനിനാടൻ രീതിയിലാണ് ബോദിനായ്കനൂർ സ്വദേശികളായ ഈ അച്ഛന്റെയും മകന്റെയും വീഡിയോയും. ഒഴിഞ്ഞ പറമ്പിൽ നാടൻ രീതിയിൽ അടുപ്പുകൂട്ടി, കൈലിയും മടക്കി കുത്തി മീശപിരിച്ച് അറുമുഖൻ പാചകം ചെയ്യുന്നത് കാണാൻ തന്നെ തമിഴ്നാടിന്റെ തനിനാടൻ ചേലാണ്. 

ചെങ്കൽപേട്ടയിൽ ചെറിയൊരു ബിരിയാണിക്കടയുടെ ഉടമയായിരുന്നു അറുമുഖൻ. മകൻ ഗോപിനാഥനെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ഡിപ്ലോമവരെ പഠിപ്പിച്ചതും കുടുംബം പുലർത്തിയതും ബിരിയാണികടയിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ടായിരുന്നു. സിനിമയായിരുന്നു ഗോപിനാഥന്റെ മോഹം. എന്നാൽ പലവാതിലുകളും അടഞ്ഞതോടെ അച്ഛന്റെ പാചകം എന്ന താൽപര്യവും വീഡിയോ പ്രൊഡക്ഷൻ എന്ന തന്റെ മോഹവും ഒരുമിച്ച് ചേർത്ത് യൂട്യൂബിൽ പോസ്റ്റ് ചെയ്താലോ എന്ന് ആലോചിക്കുന്നത്. അറുമുഖന്റെ മുഖം തന്നെയായിരുന്നു വീഡിയോയുടെ ഹൈലൈറ്റ്. സംഭവം ജനങ്ങൾ ഏറ്റെടുത്തതോടെ ഈ ഡാഡിക്കും മകനും തിരിഞ്ഞുനോക്കേണ്ട ആവശ്യം വന്നിട്ടില്ല. കുടുംബം മുഴുവൻ വില്ലേജ് ഫുഡ് ഫാക്ടറി എന്ന സംരംഭത്തിന് പൂർണ്ണപിന്തുണയുമായി ഒപ്പം നിൽക്കുന്നുണ്ട്.  പാചകത്തിൽ അറുമുഖനെ സഹായിക്കുന്നത് ഇളയമകനാണ്. വിവാഹിതനായ ഗോപിനാഥന്റെ ഈ ആശയത്തിന് ഭാര്യയുടെയും പിന്തുണയുണ്ട്.