തൃശൂര്‍ മെഡിക്കൽ കോളജിൽ റേഡിയേഷൻ ചികിൽസ നിലച്ചിട്ട് പത്ത് ദിവസം

തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ കാൻസർ രോഗികൾക്ക് റേഡിയേഷൻ ചികിൽസ നിലച്ചിട്ട് 10 ദിവസം പിന്നിടുന്നു. ദിവസവും നൂറോളം രോഗികളാണ് റേഡിയേഷന്‍ ലഭിക്കാതെ മടങ്ങുന്നത്.  മിന്നലിനെ തുടർന്നുള്ള അമിത വൈദ്യുതി പ്രവാഹമാണ് മെഷീൻ തകരാറിലാക്കിയത്. മെഷീനിനുള്ളിലെ ഇലക്ട്രോണിക് സർക്യൂട്ടുകൾ കത്തിപ്പോയി. ഇതു മാറ്റി മെഷീൻ നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. പക്ഷേ, എന്ന് നേരെയാകുമെന്ന് പറയാന്‍ കഴിയില്ല. ഇനിയും ചുരുങ്ങിയത് ഒരാഴ്ച വേണ്ടിവരും. റേഡിയേഷൻ ചികിൽസ നിലച്ചതോടെ കാൻസർ രോഗികൾ ദുരിതത്തിലായി. ഒരു ദിവസം നൂറിലേറെ രോഗികൾക്കാണ് റേഡിയേഷൻ തേടി വരുന്നത്. രോഗികളുടെ തിരക്കുമൂലം ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു രോഗിക്ക് റേഡിയേഷന്റെ ഊഴം ലഭിക്കുക. 

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കാൻസർ രോഗികൾക്ക് സൗജന്യമായി റേഡിയേഷൻ ചികിൽസ ലഭിക്കുന്ന ഏക സർക്കാർ സ്ഥാപനമാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ്. നിര്‍ധനരായ കാൻസർ രോഗികളാണ് ഇവിടെ ചികിൽസ തേടിയെത്തുന്നത്. തുടർ ചികിൽസയ്ക്ക് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കാൻ ഇവര്‍ക്കു കഴിയില്ല. പലരും വേദന സഹിച്ച് കഴിയുകയാണ്. 20 വർഷം പഴക്കമുണ്ട് ഈ മെഷീന്. ഇതാകട്ടെ അമിത ഉപയോഗവും കാലപ്പഴക്കവും മൂലം എന്നും കേടാകും. ഒന്നരക്കോടി രൂപ മുടക്കി അറ്റകുറ്റപ്പണികള്‍ നടത്തി വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ട് ഏഴു മാസമേ ആയുള്ളൂ. ഇതിനിടെയാണ്, വീണ്ടും പണിമുടക്കിയത്.