സർക്കാർ ആയുർവേദ ആശുപത്രികളിൽ ഭക്ഷണ വിതരണം പ്രതിസന്ധിയിൽ

സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിൽ രോഗികൾക്കുള്ള ഭക്ഷണ വിതരണം ഒരുവർഷത്തിലധികമായി കടുത്ത പ്രതിസന്ധിയിൽ. കിടത്തി ചികിൽസയ്ക്ക് വിധേയരയവർക്ക് ഭക്ഷണം നൽകുന്നതിനായി റേഷൻ കടകൾ മുഖേന സർക്കാർ അനുവദിച്ച അരിയും പല വ്യഞ്ജനങ്ങളും ഇപ്പോൾ ലഭിക്കുന്നില്ല. ഭക്ഷ്യസുക്ഷാനിയമം നടപ്പിലാക്കിയതിലെ അപാകതയാണ് ഇതിന് കാരണം. ആയുർവേദ ചികിൽസയിൽ ആശുപത്രികളിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണത്തിനും ഏറെ പ്രാധാന്യമുണ്ടെന്നിരിക്കെയാണ് ഈ അവസ്ഥ. 

സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളിൽ രോഗികൾക്കുള്ള ഭക്ഷണമായി രാവിലെ റൊട്ടിയും പാലും ഉച്ചക്കും രാത്രിയും കഞ്ഞിയും പയറുമാണ് ദിവസേന നൽകുന്നത്. ഒരു രോഗിക്ക് ഭക്ഷണത്തിനായി 30 രൂപയാണ് പ്രതിദിനം സർക്കാർ അനുവദിച്ചിരിക്കുന്നത്. പുറത്തു നിന്ന് വാങ്ങേണ്ട റൊട്ടിയ്ക്കും പാലിനും, ഗ്യാസ് ഉൾപടെയുള്ള പാചക ചെലവിനും കൂടിയാണ് ഈ തുക. റേഷൻ കടകൾ വഴി സൗജന്യമായി അരിയും പയറും ലഭിച്ചിരുന്നതുകൊണ്ട് മുപ്പത് രൂപയിൽ ചെലവുകൾ ഒതുക്കാൻ കഴിഞ്ഞിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്നതുമുതലാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ റേഷൻ കാർഡു വഴി കിട്ടിയിരുന്ന ഇനങ്ങള്‍ ഒരുവർഷമായി ലഭ്യമല്ലാതായി. 20 ബെഡ്ഡുള്ള വൈക്കം ആയ്യുർവേദ ആശുപ ത്രിയിൽ നാലുകിലോ അരിയും ഒന്നേകാൽ കിലോപയറും 80 ഗ്രാം ഉപ്പും 20 ഗ്രാം മുളകും 2 കിലോ ബ്രഡ്ഡും അഞ്ച് ലിറ്റർ പാലുമാണ് ഒരു ദിവസം വേണ്ടത്. 120 കിലോ അരിയും നാൽപത് കിലോയോളം പയറുമാണ് റേഷൻ സംവിധാനത്തിലൂടെ ഒരു മാസം ഇവിടെ ലഭിച്ചിരുന്നത്. ഇത് മുടങ്ങിയതോടെ രോഗികളുടെ ഭക്ഷണവും പ്രതിസന്ധിയിലായി. രോഗം ഭേദമായി പോകുന്നവരോട് സംഭാവന വാങ്ങിയും സന്നദ്ധ സംഘടകളുടെ സഹായത്തോടും കൂടിയാണ് ആശുപത്രികൾ നിലവിൽ ഭക്ഷണം നൽകുന്നത്. ഇതാകട്ടെ എപ്പോൾ വേണമെങ്കിലും മുടങ്ങാവുന്ന സ്ഥിതിയിലുമാണ്. 

നാലു മാസം മുമ്പ് വൈക്കത്തെ ആശുപത്രിക്ക് റേഷൻ കാർഡ് പുതുക്കി നൽകിയെങ്കിലും കടയിൽ വിതരണ ശേഷം മിച്ചം വരുന്നങ്കിൽ മാത്രമെ അരി ലഭിക്കുന്നുള്ളു. നിലവിൽ സ്വകാര്യ സ്കൂൾ കുട്ടികൾ പിടിയരി സ്വരൂപിച്ച് നൽകിയാണ് ഇവിടെ രോഗികൾക്ക്‌ ഭക്ഷണം നൽകുന്നത്. കോട്ടയം ജില്ലയിൽ മാത്രം ഒരു ജില്ലാ ആശുപത്രിയും മൂന്ന് താലൂക്കാശുപത്രിയുമുൾപ്പടെ 10 ആയ്യുർവേദ ആശുപത്രികളിലും ഇതാണ് സ്ഥിതി. ഉൾപ്രദേശങ്ങളിലെ ആശുപത്രികളിലാകട്ടെ കാര്യങ്ങൾ ഇത്ര പോലും മുന്നോട്ടുപോകുന്നില്ല. റേഷൻ വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ ചികിൽസയുടെ ഭാഗമായ ഭക്ഷണക്രമം പാലിക്കാനാവാതെ രോഗികൾക്ക് ചികിൽസാ ഫലം പൂർണ്ണമായി ലഭിക്കാത്ത സ്ഥിതി ഉണ്ടാവുമെന്ന് ആയുർവേദഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നു.