അപകടകെണിയായി വൈറ്റില - പേട്ട റോഡ്

പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്ത് 48 മണിക്കൂർ പിന്നിടും മുൻപേ അപകടകെണിയായി കൊച്ചിയിലെ വൈറ്റില -പേട്ട റോഡ്. ഒന്നരക്കോടി ചെലവഴിച്ച് നിർമിച്ച റോഡിന്റെ ഇരുവശങ്ങളിലേയും ടൈലുകൾ പൂർണമായും ഇടിഞ്ഞു. ഒാട നിർമാണം പോലും പൂർത്തിയാക്കാതെ തിരക്കിട്ട് ഉദ്ഘാടനം നടത്തിയതാണ് കാൽനടയാത്രപോലും അസാധ്യമാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആർഭാടപൂർവം വൈറ്റില പേട്ട റോഡ് ഉദ്ഘാടനം ചെയ്ത പോയ മന്ത്രി ജി. സുധാകരൻ ദൃശ്യങ്ങൾ നന്നായൊന്ന് കാണണം. ഇനി നാട്ടുകാരുടെ അപേക്ഷകൂടി മന്ത്രി ഒന്ന് കേൾക്കുക. ഇരുചക്രവാഹനങ്ങൾ മാത്രമല്ല കാൽനടയാത്രക്കാരും ഒരുപോലെ അപകടകെണിയാണ് ഈ പാതയിപ്പോൾ. 

ശബരിമല തീർഥാടനത്തിന് മുന്നോടിയായി ഒന്നരകോടിയിലധികം ചെലവിട്ടാണ് എഴുന്നൂറ് മീറ്റർ റോഡ് യുദ്ധകാലാടിസ്ഥാനത്തില് പൂർത്തിയാക്കിയത്. മന്ത്രിയുടെ കണ്ണിൽ പൊടിയിടാനാണോ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണോ പൊതുമരാമത്ത് വകുപ്പ് ഇങ്ങിനൊരു റോഡ് പണിതതെന്ന ചോദ്യത്തിനാണ് ഇനി മറുപടി കിട്ടേണ്ടത്.