മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിലേക്ക് ആടുകളെ വാങ്ങിയതിലും ക്രമക്കേട്

കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയിലേക്ക് ആടുകളെ വാങ്ങിയതിലും ക്രമക്കേട്. ടെന്‍ഡര്‍ വിളിക്കാതെയാണ് കശാപ്പിനുള്ള ആടുകളെ വാങ്ങിയതെന്നാണ് ആക്ഷേപം. സ്ഥാപനത്തിലെ ക്രമക്കേടുകളെക്കുറിച്ച് എംഡിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. 

സംസ്ഥാന സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാംസ സംസ്കരണ കേന്ദ്രമാണ് കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന സ്ഥാപനത്തില്‍ ക്രമക്കേടുകള്‍ യഥേഷ്ടം തുടരുകയാണ്. കശാപ്പിനായി മൃഗങ്ങളെ വാങ്ങുന്ന നടപടികള്‍ സുതാര്യമല്ലാത്തതാണ് അഴിമതിക്ക് കളമൊരുക്കുന്നത്. 

ടെന്‍ഡറില്‍ പങ്കെടുക്കാത്തയാള്‍ക്ക് കശാപ്പിന് കരാര്‍ കൊടുത്തതും, ടെന്‍ഡര്‍ വ്യവസ്ഥകളില്‍ സ്ഥാപനത്തിന് നഷ്ടമുണ്ടാകും വിധം മാറ്റം വരുത്തിയതും മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ടെന്‍ഡര്‍ കൂടാതെ ലക്ഷക്കണക്കിന് രൂപയ്ക്ക് ആടുകളെ വാങ്ങിയ വിവരം പുറത്തുവരുന്നത്. ടെന്‍ഡര്‍ വിളിക്കാതെ ആടു വാങ്ങിയതിലെ ദുരൂഹത പരിശോധിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന സിപിഐ നോമിനിമാരുടെ അഴിമതിക്കെതിരെ സിപിഎം മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യക്കു മുന്നില്‍ ധര്‍ണ നടത്തി. സ്ഥാപനത്തിലെ ഒഴിവുള്ള തസ്തികയില്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നിയമനം നടത്തണമെന്ന ആവശ്യവും ശക്തമാവുകയാണ്.