പ്രവാസി മലയാളിയായ വനിതയുടെ ചിത്രപ്രദര്‍ശനം തൃശൂര്‍ ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ തുടങ്ങി. ചിത്രങ്ങള്‍ വിറ്റ് ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ചിത്രകാരി ജീന നിയാസ് പറഞ്ഞു.
തൃശൂര്‍ മണ്ണുത്തി സ്വദേശിയും ഇപ്പോള്‍ റിയാദില്‍ സ്ഥിരതാമസക്കാരിയുമായ ജീന നിയാസിന്റേതാണ് ഈ ചിത്രങ്ങള്‍. ആര്‍ട്ട് ഓഫ് ജീന എന്ന പേരിലാണ് പ്രദര്‍ശനം. വരച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തു. ഇവയ്ക്കു ലഭിച്ച മികച്ച പ്രതികരണവും അഭിനന്ദനങ്ങളും കൂടുതൽ ചിത്രങ്ങൾ വരയ്ക്കാൻ പ്രേരണയായി. റിയലിസ്റ്റിക് ആൻഡ് സെമി റിയലിസ്റ്റിക് ചിത്രങ്ങളും മോഡേൺ പെയിന്റിങുകളുമാണ് പ്രദർശനത്തിലുള്ളത്. ഒായിലിലും അക്രിലിക് പെയിന്റിലും വരച്ചവയാണ് ചിത്രങ്ങൾ.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നൂറോളം ചിത്രങ്ങളാണ് വരച്ചത്. ബഹറൈൻ സന്ദർശനത്തിനെത്തിയ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ ചിത്രം വരച്ച് നൽകിയതു ജീവിതത്തിലെ വലിയ നേട്ടമായി കരുതുന്നു. എം.ടി.വാസുദേവൻ നായർ, സൗദി രാജാവ് തുടങ്ങി ഒട്ടേറെ പ്രമുഖർക്കു ചിത്രം വരച്ച് നൽകിയിട്ടുണ്ട്.