മുംബൈയിലെ രണ്ട് ആഡംബര അപ്പാര്‍ട്ട്മെന്‍റുകള്‍ 7.10 കോടി രൂപയ്ക്ക് വിറ്റ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബോറിവലി ഈസ്റ്റില്‍ ഉണ്ടായിരുന്ന റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റുകളാണ് താരം വിറ്റത്. വില്‍പ്പനയില്‍ 91ശതമാനം ലാഭം നേടിയതായും രേഖകള്‍ പറയുന്നു.
റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഒബ്‌റോയ് റിയൽറ്റി നിർമിച്ച ഒബ്‌റോയ് സ്കൈ സിറ്റി എന്ന കെട്ടിടത്തിലാണ് രണ്ട് അപ്പാർട്ട്‌മെന്‍റുകളും സ്ഥിതി ചെയ്യുന്നത്. പ്രോപ്പർട്ടി രജിസ്‌ട്രേഷൻ രേഖകൾ പ്രകാരം 5.75 കോടി വിലമതിക്കുന്ന വസ്തുവാണ് അക്ഷയ് കുമാർ ആദ്യം വിറ്റത്. ഈ അപ്പാര്‍ട്ട്മെന്‍റിന് 1,101 ചതുരശ്ര അടി വിസ്തീർണമുള്ള കാർപെറ്റ് ഏരിയയും രണ്ടു കാറുകള്‍ പാർക്ക് ചെയ്യാന്‍ സൗകര്യവുമുണ്ട്. ഇടപാടിൽ 2000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു. 252 ചതുരശ്ര അടി കാർപെറ്റ് ഏരിയയുള്ള രണ്ടാമത്തെ ഫ്ലാറ്റ് 1.35 കോടി രൂപയ്ക്കാണ് താരം വിറ്റത്. 67.90 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ഫ്ലാറ്റാണ് അദ്ദേഹം ഇപ്പോൾ 1.35 കോടി രൂപയ്ക്ക് വിറ്റിരിക്കുന്നത്. രണ്ട് വസ്തുക്കളുടേയും വിൽപ്പനയിലൂടെ അക്ഷയ് 7.10 കോടി രൂപ സ്വന്തമാക്കി. അതായത്, എട്ട് വർഷംകൊണ്ട് ഏകദേശം ഇരട്ടി ലാഭമാണ് താരം നേടിയത്.
കഴിഞ്ഞ ഏഴ് മാസത്തിനിടെ അക്ഷയ് കുമാര്‍ മുംബൈ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കുറഞ്ഞത് എട്ട് പ്രോപ്പര്‍ട്ടി യൂണിറ്റുകളെങ്കിലും വില്‍പ്പന നടത്തിയിട്ടുണ്ട്. ഇതില്‍ നിന്നായി 110 കോടിയിലധികം വരുമാനവും താരം സ്വന്തമാക്കി. ബോറിവാലി, വോർലി, ലോവർ പരേൽ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ ആഡംബര അപ്പാർട്ടുമെന്‍റുകളും വാണിജ്യ ഓഫിസ് സ്ഥലങ്ങളും വിൽപ്പനയിൽ ഉൾപ്പെടുന്നു.