വീട് നിർമ്മിക്കുന്നതിൽ, വീടിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ ആവശ്യങ്ങളും അനാവശ്യങ്ങളും ഒരുപാടുണ്ട്. ചിലരുടെ ആവശ്യങ്ങൾ മറ്റു ചിലർക്ക് അനാവശ്യങ്ങൾ ആയിരിക്കാം. എന്നാൽ ചിലരുടെ അനാവശ്യങ്ങൾ മറ്റുചിലർക്ക് ആവശ്യങ്ങളുമായിരിക്കും. ഈ ആവശ്യങ്ങളും അനാവശ്യങ്ങളും കൃത്യമായി മനസ്സിലാക്കാതെയാണ് പലപ്പോഴും നമ്മൾ വീടുവയ്ക്കുന്നത്. പലപ്പോഴും നമ്മൾ മുൻപ് കണ്ട പല വീടുകളുടെയും ഡിസൈൻ അതേ പോലെ സ്വന്തം വീട്ടിൽ ചെയ്തു വക്കുന്നവരാണ്. സ്വന്തം വീട് എങ്ങനെയായിരിക്കണമെന്ന് സ്വപ്നം കാണുന്നതിന് പകരം മറ്റുള്ളവരുടെ സ്വപ്നങ്ങളെ പകർത്താൻ ശ്രമിക്കും. ഫലം കുറച്ചു കഴിയുമ്പോൾ അത് സ്വന്തം വീട്ടിൽ ഒരു ബാധ്യതയായി മാറുകയും ചെയ്യും.
ഭംഗിക്കുവേണ്ടി മാത്രം വയ്ക്കുന്ന പില്ലറുകള്‍, സ്ഥാനത്തും അസ്ഥാനത്തും ഒരിക്കലും തുറക്കാത്ത നിരവധി ജനലുകള്‍, ഭിത്തികളിലും ടെറസിലും കുറെ പര്‍ഗോളകൾ ഇങ്ങനെ സ്വന്തം വീടിന് ഇതു ആവശ്യമാണോ അല്ലയോ എന്ന് മനസ്സിലാക്കാതെ നിർമ്മിച്ചു കൂട്ടുന്ന അബദ്ധങ്ങൾ ഏറെയാണ്. വീടുപണിയുന്ന ഓരോരുത്തരും തങ്ങൾക്കു വേണ്ട ആവശ്യങ്ങളും അനാവശ്യങ്ങളും കൃത്യമായി തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതനുസരിച്ച് വേണം വീടിന് പ്ലാൻ തയ്യാറാക്കുവാനും വീട് നിർമ്മിക്കുവാനും. നിർമ്മാണ ചെലവ് കുറച്ചുകൊണ്ട് പണിയാൻ ആഗ്രഹിക്കുന്ന ഒരു വീടിന്റെ നിർമ്മാണത്തിൽ ഒഴിവാക്കാവുന്ന പൊതുവായ അനാവശ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. കാര്‍ പോര്‍ച്ച്
ഒരു റൂം പണിയാനുള്ള സ്ഥലവും പണവുമാണ് ഒരു കാർപോർച്ച് പണിയാനായി നാം ചിലവാക്കുന്നത്. വീടിന്റെ സ്ട്രക്ചറിന്റെ ഭാഗമായി ഒരു കാർപോർച്ച് പണിയുമ്പോൾ അത് വീടിന്റെ സ്ക്വയർ ഫീറ്റിൽ ഉൾപ്പെടും. മാത്രവുമല്ല വീടിന്റെ നിർമാണ ചിലവും സ്ക്വയർ ഫീറ്റിന് അനുസരിച്ച് വർദ്ധിക്കും. വീട്ടിൽ കാർ ഉണ്ടെങ്കിൽ താൽക്കാലിക സ്ട്രെക്ചറിൽ മനോഹരമായ കാർ പോർച്ചുകൾ ഒരുക്കാൻ കഴിയും. വീടിന്റെ അളവിൽ ഉൾപ്പെടുകയുമില്ല. കോൺക്രീറ്റിന് പകരം ഷീറ്റ്, ഓട്, ടെങ്സ്റ്റൈൽ ഷീറ്റുകൾ ഉപയോഗിച്ചുള്ള കനോപ്പികൾ എന്നിവ ഉപയോഗിച്ച് വിവിധ തരം പില്ലറുകളിൽ ഏത് സമയത്തും കാർപോർച്ച് ഉണ്ടാക്കിയെടുക്കാം.
2. ഷോ കിച്ചൻ
വീടിന്റെ ഡിസൈനിൽ കുറച്ചുകാലമായി കേൾക്കുന്ന ഒരു വാക്കാണ് ഷോ കിച്ചൻ. ഡൈനിങ്ങിനോട് ചേർന്ന് ഓപ്പൺ ആയി കിടക്കുന്ന ഒരു അടുക്കളയാണിത്. അടുക്കളയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. പക്ഷേ കാര്യമായ പാചകം ഒന്നും ഇവിടെ ചെയ്യില്ലെന്നു മാത്രം. കൂടി വന്നാൽ ഒന്ന് ഭക്ഷണം ചൂടാക്കും, പിന്നെ ചായയും കാപ്പിയും ഒക്കെ ഉണ്ടാക്കും. ഇത്രയുമാണ് ഈ അടുക്കളയുടെ ധർമ്മം. ഡൈനിങ്ങിൽ നിന്നും വീടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഒക്കെ നോക്കുമ്പോൾ ഇന്റീരിയറിന്റെ ഒരു ഭംഗി മാത്രമാണ് പ്രധാന ഉദ്ദേശം. ഭക്ഷണം പാചകം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വേറൊരു അടുക്കളയും ഉണ്ടാകും. ചിന്തിക്കേണ്ടതുണ്ട് ഇങ്ങനെ ഒരു അടുക്കള ആവശ്യമുണ്ടോ ഇല്ലയോ എന്നത്.
3. ഗസ്റ്റ്‌ബെഡ്റൂം
വർഷത്തിൽ എപ്പോഴെങ്കിലും ഒരിക്കൽ അപൂർവ്വമായി കയറിവരാവുന്ന, വന്നാൽത്തന്നെ താമസിക്കുമെന്ന് ഉറപ്പില്ലാത്ത അതിഥിയെയും കാത്തിരിക്കുന്ന ഗസ്റ്റ് ബെഡ്‌റൂമുകളുള്ള അനവധി വീടുകളുണ്ട് നമ്മുടെ കേരളത്തില്‍. ബന്ധുവീടുകൾ സന്ദർശിക്കാൻ, വിരുന്നുപോവാന്‍ പോലും സമയമില്ലാത്ത കാലത്താണ് കാശും സ്ഥലവും ചിലവഴിച്ച് ഗസ്റ്റ് ബെഡ്‌റൂമുകള്‍ ഉണ്ടാക്കിയിടുന്നത്. ഇനി വിരുന്നുകാര്‍ വന്നാലും, അടുത്ത ബന്ധുക്കളാണെങ്കിൽ വീട്ടിൽ ഉള്ളവർ ഒരു ദിവസത്തേക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ തീരാവുന്ന കാര്യമേ ഉള്ളൂ. ഇനി അതല്ലെങ്കിൽ തൊട്ടടുത്തുള്ള ഒരു സ്റ്റാർ ഹോട്ടലിൽ ഒരു റൂമെടുത്ത് അവർക്ക് ഉറങ്ങാനുള്ള സൗകര്യം ക്രമീകരിച്ചാൽ പോലും ഒരു റൂം നിർമ്മിക്കുന്ന ചെലവിന്റെ പലിശയുടെ ഏഴയലത്തു പോലും ആവില്ല. ആവശ്യമില്ലാതെ ഒരു റൂം അധികം നിർമ്മിക്കുമ്പോൾ കൂടുന്നത് സ്ക്വയർ ഫീറ്റ് മാത്രമല്ല വീടിന്റെ മൊത്ത ചിലവ് കൂടിയാണ്.
4. വര്‍ക്ക് ഏരിയ
നാട്ടിൻപുറങ്ങളിലെ വീടുകളില്‍, പ്രത്യേകിച്ച് പറമ്പും കൃഷിയും ഒക്കെയുള്ള വീടുകളിൽ, അടുക്കളയുടെ ഭാഗമായി വരുന്ന ഒരു രണ്ടാമത്തെ അടുക്കളയാണ് വര്‍ക് ഏരിയ. ഇവിടങ്ങളിലൊക്കെ ഈ അടുക്കളയിൽ ആയിരിക്കും കൂടുതൽ ജോലികൾ നടക്കുന്നതും. വിറകടുപ്പ് ഉപയോഗിക്കാനാണ് വര്‍ക് ഏരിയ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. വീട്ടില്‍ എന്തെങ്കിലും ചെറിയ പരിപാടികള്‍ ഉണ്ടാവുമ്പോള്‍, കുറച്ചധികം പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ഈ വര്‍ക്ക് ഏരിയയില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, വിറകു പോയിട്ട് വിറകടുപ്പുപോലും കാണാത്തവര്‍ക്കും വീട്ടിൽ വര്‍ക് ഏരിയ നിര്‍ബന്ധമാണ്. ഇവിടെയും കൃത്യമായി ആവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
5. നടുമുറ്റം
നടുമുറ്റമുള്ള വീടുകൾ നമ്മൾ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. അതിൽ തെറ്റൊന്നുമില്ല. പക്ഷേ നമ്മൾ പണിയുന്ന വീട്ടിൽ നടുമുറ്റം വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ്. ഒന്ന് നമ്മുടെ പ്ലാനിനും ഡിസൈനും അത് ആവശ്യമായിരിക്കണം, രണ്ടാമത്തെ കാര്യം ഒരു നടുമുറ്റം കൂട്ടിച്ചേർക്കേണ്ടി വരുന്നത് കൊണ്ട് വർദ്ധിക്കുന്ന ബജറ്റ് നമ്മളെ കാര്യമായി ബാധിക്കില്ല എന്ന് ഉറപ്പുണ്ടാകണം. പിന്നെ വീട് വയ്ക്കുന്ന സ്ഥലത്ത് കാര്യമായ കൊതുക്, പ്രാണി, കോട്ടെരുമ ശല്യങ്ങൾ ഉണ്ടാകരുത്. കൂടാതെ ഡിസൈൻ ചെയ്യുന്ന ആർക്കിടെക്റ്റിനും പണിയുന്ന കോൺട്രാക്ടറിനും നടുമുറ്റമുള്ള വീടുകൾ പണിത് എക്സ്പീരിയൻസ് ഉണ്ടാകണം. ഡിസൈനും നടുമുറ്റത്തിന്റെ നിർമ്മാണവും ശരിയല്ലെങ്കിൽ നടുമുറ്റം ഒരു ദുരന്തമായി മാറും. മിക്കപ്പോഴും സംഭവിക്കുന്നത് മഴയും വെയിലും വീടിനുള്ളിൽ തന്നെ ആസ്വദിക്കാനെന്ന ആഗ്രഹത്തിന്റെ പേരില്‍ പണിയുന്ന നടുമുറ്റം, കൊതുക്, പ്രാണി ശല്യങ്ങൾ വർദ്ധിക്കുമ്പോൾ, അല്ലെങ്കിൽ നടുമുറ്റത്തിന്റെ മേൽക്കൂരയുടെ ചെരിവ് ശരിയല്ലാതെ, ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് മഴവെള്ളവും വെയിലും അടിച്ചു കയറുമ്പോൾ, ഷീറ്റുപയോഗിച്ച് നടുമുറ്റം അടച്ചിടും. അതോടെ വീട് ഒരു പ്രഷർകുക്കർ പോലെയാകും.
6. ബാൽക്കണി
വീടുപണിയുമ്പോൾ ഉള്ള ആഗ്രഹം വീടിന്റെ മുകളിൽ ഫാമിലിയൊക്കെയായി വൈകിട്ട് വന്നിരുന്ന്, കാഴ്ചകളൊക്കെ കണ്ടു, ചായ കുടിച്ചിരിക്കാൻ ഒരു സ്പേയ്സ് അതാണ് ബാൽക്കണി. ഇനി അതല്ലെങ്കിൽ പുസ്തകം ഒക്കെ എടുത്ത് വായിച്ചിരിക്കാൻ പറ്റിയ ഒരു സ്ഥലം. 99% വീട്ടുകാർക്കും ഇത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ് പതിവ്. മിക്ക വീടുകളിലും ഇന്ന് ബാൽക്കണികൾ ബാൽ"കെണി"കളാണ്. ആഴ്ചയിൽ ഒരിക്കൽപോലും തുറക്കാത്ത ഒരു വാതിൽ ആയിരിക്കും അവിടെ ഉണ്ടാവുക. തുറന്നിടാത്തത് കൊണ്ട്, അടിച്ചു വാരാൻ പോലും പലപ്പോഴും ആരും അങ്ങോട്ട് കടക്കില്ല. മഴക്കാലത്ത് മഴയുടെ എറിച്ചിൽ അടിച്ചു കയറാനും, അല്ലാത്ത സമയത്ത് പ്രാവുകളും പക്ഷികളും ഒക്കെ കൂടുകൂട്ടാനും കാഷ്ഠിച്ചിടാനും ഒക്കെ വേണ്ടിയാണ് ലക്ഷങ്ങൾ മുടക്കി നമ്മൾ ഒരു ബാൽക്കണി നിർമ്മിക്കുന്നത്
.
7. പര്‍ഗോള
വീടിന്റെ ഡിസൈനിൽ ഭംഗിയേക്കാൾ ഉപരി വായുവെളിച്ച സഞ്ചാരങ്ങൾക്ക് അത്യാവശ്യമാണെങ്കിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് പർഗോള. റൂഫില്‍, ബാല്‍ക്കണിക്ക് മുകളില്‍, ജനലിന് മുകളില്‍, ചുമരില്‍ തുടങ്ങി വീടിന്റെ ഏതു ഭാഗത്തും പർഗോള നിർമ്മിക്കുന്നത് ഇന്ന് കേരളത്തിൽ ഒരു ട്രെൻഡാണ്. റൂഫിൽ പർഗോള ചെയ്യുമ്പോൾ കൃത്യമായി ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ മേൽക്കൂരയിൽ ലീക്ക് ഉണ്ടാകാൻ വേറൊന്നും വേണ്ട. റൂഫിൽ പർഗോളയ്ക്ക് മുകളിൽ ഗ്ലാസ് പിടിപ്പിക്കുമ്പോൾ ഓർക്കണം ഇത് തുടർച്ചയായി മഴ പെയ്യുമ്പോൾ പായൽ പിടിക്കാൻ കൂടി സാധ്യതയുണ്ട് എന്ന്. ഇതൊക്കെ വൃത്തിയാക്കാൻ കഴിയുമോ എന്ന് കൂടി ആലോചിക്കണം. ലേബർ ചാർജിൽ കാര്യമായ വ്യത്യാസം വരുത്തുന്ന ഒന്നാണ് പർഗോള.
8. ഫ്ളോറിങ്
അപ്പുറത്തെ വീട്ടിൽ ഗ്രാനൈറ്റ് ആണ് വിരിച്ചത്, അത് കൊണ്ട് നമുക്കും ഗ്രാനൈറ്റ് ഇടാം. അല്ലെങ്കിൽ വീട് കേറി താമസത്തിന് വരുന്നവർക്ക് ഒക്കെ ഒരു മതിപ്പൊന്നും ഉണ്ടാവില്ല. ഗ്രാനൈറ്റ് സെലക്ട് ചെയ്യാനുള്ള പലരുടെയും ചിന്തകൾ ഇങ്ങനെയാണ്. ഇന്നത്തെ കാലത്ത് ഒരു വീടിന്റെ പരമാവധി ആയുസ്സ് 25 അല്ലെങ്കിൽ 30 വർഷം മാത്രമാണ്. മക്കളുടെ കാലമാവുമ്പോഴേക്കും അവർ വീട് മാറ്റി പണിതിരിക്കും. ചിന്തിച്ചു നോക്കൂ നമ്മുടെ അച്ഛനും അമ്മയും പണിത വീട് ആയിരിക്കില്ല ചിലപ്പോൾ നമ്മൾ ഉപയോഗിക്കുന്നത്. നമ്മൾ അത് പുതുക്കി പണിതിട്ടുണ്ടാകും. അപ്പോൾ അത്രയും വർഷത്തെ ആയുസ്സൊക്കെ ലഭിക്കുന്ന മെറ്റീരിയലുകൾ വീടുപണിക്ക് ധാരാളമാണ്. അതിനുപകരം നൂറ്റാണ്ടുകൾ കിടക്കുന്ന, ഏറെ വിലയുള്ള ഗ്രാനൈറ്റ് പോലുള്ള മെറ്റീരിയലുകൾ വീട്ടിൽ ഉപയോഗിക്കേണ്ടതുണ്ടോ എന്ന് ആലോചിച്ചു നോക്കണം. ടൈൽ പോലുള്ള ഫ്ലോറിങ് മെറ്റീരിയലുകളിലൊക്കെ ഇന്ന് വൈവിധ്യ പെരുമഴയാണ്. ചെലവ് കുറവും ഭംഗി കൂടുതലും.
9. ലൈറ്റിങ്
എൽഇഡി ലൈറ്റുകൾ വ്യാപകമായതോടെ ചില വീടുകളിൽ പോയാൽ പള്ളിപെരുന്നാളിന് പോയപോലെയാണ്. എവിടെ നോക്കിയാലും ലൈറ്റുകൾ. ആവശ്യത്തിനും അനാവശ്യത്തിനും. അത് എക്സ്റ്റീരിയർ ആയാലും ഇന്റീരിയർ ആയാലും. ബീമിലും, തൂണിലും,പർഗോളയുടെ ഉള്ളിലും, ഭിത്തിയിലും, സീലിങ്ങിലും, ഫാൾസ് സീലിങ്ങിന്റെ ഉള്ളിലും ഒക്കെ ലൈറ്റുകൾ. വയറിങ്, ലൈറ്റ് ഫിക്സ്ചറുകൾ എന്നിവയുടെ ചിലവ് മാത്രമല്ല ഇവിടെ കൂടുന്നത്, കരണ്ട് ബില്ല് കൂടിയാണ്. പലപ്പോഴും ഈ ലൈറ്റുകൾ ഒക്കെ ഒന്ന് ഫ്യൂസ് ആയാൽ മാറ്റാൻ പോലും പിന്നീട് എളുപ്പമല്ല. വീട്ടിലുള്ളവരുടെ കൃത്യമായ ആവശ്യങ്ങൾ അറിഞ്ഞാണ് ലൈറ്റിങ് ഒരുക്കേണ്ടത്, അല്ലാതെ ഷോയ്ക്ക് വേണ്ടിയല്ല.
വീടുപണിയുന്ന ഓരോരുത്തരും ഇനി നിങ്ങൾക്കു വേണ്ട ആവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയൂ...