സ്വന്തമായി ഒരു നല്ല വീട് സ്വപ്നം കാണുന്നവരാണ് നമ്മൾ മലയാളികളിൽ ഏറിയപങ്കും. പണിയുന്ന വീടിന് ഒരു കൃത്യമായ മുഖമുദ്ര, ആർക്കിടെക്ചർ സ്റ്റൈൽ വേണമെന്ന് ഇന്ന് പലരും ആഗ്രഹിക്കാറുണ്ട്. കൃത്യമായി ഇന്ന സ്റ്റൈൽ വേണമെന്ന് ആർക്കിടെക്റ്റിനോട് പലരും ആവശ്യപ്പെടുമ്പോഴും, നിർദേശിക്കുന്ന ശൈലിയുടെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് മിക്കവരും മനസ്സിലാക്കാറില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ പ്രചാരത്തിലിരിക്കുന്ന വിവിധ ആർക്കിടെക്ചർ ശൈലികളെ ഒന്ന് അറിയാം...
കേരള ട്രഡീഷണൽ സ്റ്റൈൽ
കേരളത്തിന്റെ തനതായ ആർക്കിടെക്ചർ ശൈലിയാണ് കേരള ട്രഡീഷണൽ ആർക്കിടെക്ചർ. ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തുന്ന ഈ ശൈലി നമ്മുടെ നാടിന്റെ മുഖമുദ്ര തന്നെയാണ്. പാരമ്പര്യവും തനിമയും ഒത്തുചേരുന്നതാണ് ഈ ശൈലി. കേരള ട്രഡീഷണൽ ശൈലിയിൽ പണിയുന്ന വീടുകളെ നാല് വിഭാഗങ്ങളായി തിരിക്കാം. നീളത്തിൽ ഒറ്റ ബ്ലോക്കായി വരുന്ന വീടിനെ ഏകശാല എന്നും L ഷേയ്പ്പിൽ നിർമ്മിക്കുന്ന വീടിനെ ദ്വിശാല എന്നും C shape പ്ലാനിങ്ങിൽ വരുന്ന വീടുകളെ ത്രിശാല എന്നുമാണ് വിശേഷിപ്പിക്കുന്നത്. വീടിന് നടുക്ക് നടുമുറ്റം വരുന്ന വീടുകളെ നാലുകെട്ട് എന്നാണ് വിശേഷിപ്പിക്കുക. ഇങ്ങനെ കെട്ടിടത്തിന് ഇടയിൽ രണ്ടു നടുമുറ്റം വരുകയാണെങ്കിൽ അതിനെ എട്ടുകെട്ട് എന്നും അതിൽ കൂടുതൽ നടുമുറ്റങ്ങൾ വരുകയാണെങ്കിൽ 16 കെട്ട് എന്നും വിശേഷിപ്പിക്കുന്നു.
ട്രഡീഷണൽ ശൈലിയിൽ ഉള്ള വീടുകളുടെ മുഖമുദ്രകളായ മറ്റു ചില പ്രത്യേകതകൾ കൂടിയുണ്ട് . വീട്ടിലേക്കുള്ള പ്രവേശന കവാടമായ പഠിപ്പുരയാണ് ഇതിൽ പ്രധാനപ്പെട്ടത്. വീടിന് ചുറ്റുമുള്ള ചുറ്റുവരാന്ത, വരാന്തയുടെ മേൽക്കൂര താങ്ങിനിർത്തുന്ന തടി തൂണുകൾ, വരാന്തക്ക് ചുറ്റുമുള്ള ചാരുപടികൾ, വരാന്തയുടെ മധ്യഭാഗത്തായി വരുന്ന പൂമുഖം എന്നിവ കേരളീയ ശൈലിയുടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. എലിവേഷന്റെ പ്രധാനഭാഗമായ മേൽക്കൂര ചെരിവുകളോട് കൂടിയതും പൂർണമായും ഓടുകൊണ്ട് മേഞ്ഞതും ആയിരിക്കും. മേൽക്കൂരയ്ക്ക് അലങ്കാരമായി മുഖപ്പുകളും തൂളിമാനവും കാണാം. തടി, തറയോട്, റെഡ് ഓക്സൈഡ് എന്നിവയാണ് കൂടുതലും ഫ്ലോറിങ്ങിന് ഉപയോഗിക്കുന്നത്. നടുമുറ്റവും ഇത്തരം വീടുകളുടെ ഒരു പ്രധാനപ്പെട്ട ഘടകമാണ്.
കണ്ടംപ്രറി സ്റ്റൈൽ
കഴിഞ്ഞ കുറച്ചു വർഷങ്ങൾകൊണ്ട് കേരളത്തിൽ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന വീടുകളാണ് കണ്ടംപ്രറി സ്റ്റൈൽ ഡിസൈനിലുള്ള വീടുകൾ അഥവാ സമകാലീന വീടുകൾ. പലപ്പോഴും ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന, തെറ്റായി ധരിച്ചു പോകുന്ന ഒരു ഒരു ഡിസൈൻ ശൈലിയാണ് ഇത്. 21 ആം നൂറ്റാണ്ടിന്റെ ഡിസൈൻ എന്നാണ് കണ്ടംപ്രറി ആർക്കിടെക്ച്ചറിനെ വിശേഷിപ്പിക്കുന്നത്. കാലഘട്ടത്തിന് ഒപ്പം സഞ്ചരിക്കുന്ന ഡിസൈൻ അഥവാ എന്നും നിത്യഹരിതമായി നിൽക്കുന്ന ഡിസൈൻ എന്നും ഇത്തരം ശൈലിയെ വിശേഷിപ്പിക്കാറുണ്ട്. വീടിന്റെ അഥവാ നിർമിതിയുടെ ആകൃതിക്ക് കൃത്യമായ ക്രമങ്ങളോ സമാനതകളോ ഇല്ലാതെ, ഡിസൈനിലെ സമത്വങ്ങൾ പാലിക്കാതെ, പ്ലാനിന്റെ , സ്പേയ്സിന്റെ സ്വാഭാവികതയിലൂടെ രൂപപ്പെട്ടുവരുന്ന ഡിസൈൻ ശൈലി ആണിത്. ജ്യാമിതീയ ഷേയ്പ്പുകൾക്ക് എലിവേഷനിൽ പ്രാധാന്യം ഉണ്ടാകാം. ജനാലകളുടെയോ വാതിലുകളുടെയോ ഡിസൈനിൽ പോലും സമത്വം പാലിക്കണമെന്ന് നിർബന്ധമില്ല.
വളരെ ഫ്രീ ഫ്ലോയിങ് ആയിട്ടുള്ള ഡിസൈനിൽ ,അകത്തളങ്ങളിലെ സ്പേയ്സുകളിൽ തടസ്സങ്ങളില്ലാത്ത ഒരു ഒഴുക്ക് കാണാൻ സാധിക്കും. പ്രകൃതിയോട് കൂടുതൽ ഇഴചേർന്നു നിൽക്കുന്ന വീടിനുള്ളിൽ കാറ്റിനും വെളിച്ചത്തിനും നല്ല പ്രാധാന്യം ഉണ്ടാകും. പൊതുവേ T, H, L ഷേയ്പ്പുകളിൽ ആണ് പ്ലാനിങ്ങ്.
മിനിമലിസ്റ്റിക് സ്റ്റൈൽ
കണ്ടംപ്രറി ഡിസൈനിനോട് ഒപ്പം പലരും ചേർത്ത് ചിന്തിച്ചു പോകുന്ന എന്നാൽ കൃത്യമായ വേർതിരിവുകൾ ഉള്ള ഒന്നാണ് മിനിമലിസ്റ്റിക് ഡിസൈൻ. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു ഡിസൈൻ ശൈലി കൂടിയാണിത്.
ഒരു വീടിന്റെ ആകൃതിയിലും സ്പേയ്സ് പ്ലാനിങ്ങിലും നിറങ്ങളുടെ തെരഞ്ഞെടുപ്പിലും മെറ്റീരിയൽ തെരഞ്ഞെടുപ്പിലും തുടങ്ങി വീടിന്റെ ഓരോ ഡിസൈൻ ഡീറ്റെയിലിലും കൊണ്ടുവരുന്ന ലാളിത്യത്തെ ആണ് മിനിമലിസം എന്ന് പറയുന്നത്. ഇവയെല്ലാം വളരെ സൂകഷ്മതയോടെ കൂട്ടിച്ചേർത്ത് പ്ലാൻ ചെയ്യുന്ന ഒരു വീടിനെ മിനിമലിസ്റ്റിക് ഡിസൈൻ ഹൗസ് എന്ന് വിശേഷിപ്പിക്കാം.
എലിവേഷന്റെ ഭാഗമായി പുറം ഭിത്തികളിൽ മോടി കൂട്ടാൻ അമിതമായ ആർഭാടങ്ങളോ, അലങ്കാരങ്ങളോ ഒന്നും കാണുകയില്ല. തുറന്ന ശൈലിയിലുള്ള പ്ലാനിങ്ങിൽ വീടിനുള്ളിലേക്ക് ധാരാളമായി കാറ്റും വെളിച്ചവും കടന്നു വരുന്ന രീതിയിലായിരിക്കും ഡിസൈൻ. ഇൻറീരിയറിലും കൃത്യമായി ലാളിത്യം കാത്തുസൂക്ഷിക്കും. ആവശ്യത്തിന് മാത്രമുള്ള ലളിതമായ ഫർണിച്ചറുകൾ ആയിരിക്കും ഉപയോഗിക്കുക. ശാന്തമായ ഒരു അന്തരീക്ഷം സമ്മാനിക്കുന്ന മനസ്സിന് കുളിർമ നൽകുന്ന ഒരു ഡിസൈൻ കാഴ്ചപ്പാടാണ്, അനുഭവമാണ് മിനിമലിസ്റ്റിക് വീടുകളുടേത്.
കൊളോണിയൽ സ്റ്റൈൽ
നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ നാട് വിദേശാധിപത്യത്തിനു കീഴിൽ ആയപ്പോൾ അന്ന് ഇവിടെയ്ക്ക് കടന്നുവന്ന വിദേശ ആർക്കിടെക്ചർ ശൈലിയാണ് കൊളോണിയൽ ഡിസൈൻ. ഫ്രഞ്ച് സ്റ്റൈൽ, ഡച്ച് സ്റ്റൈൽ, ബ്രിട്ടീഷ് കൊളോണിയൽ വീടുകൾ ഈ ഗണത്തിൽ അക്കാലത്ത് നമ്മുടെ നാട്ടിൽ ധാരാളമായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇന്നും പ്രിയം ഏറെയുള്ളതാണ് കൊളോണിയൽ ശൈലി.
വളരെ എടുപ്പും ഭംഗിയും തോന്നുന്ന ഒരു ഡിസൈനാണ് കൊളോണിയൽ ശൈലിക്ക് ഉള്ളത്. നല്ല ചെരിവുള്ള മേൽക്കൂരകൾ ഒരു പ്രധാന പ്രത്യേകതയാണ്. ഓട്, അഥവാ ഷീറ്റ് ആയിരിക്കും മേൽക്കൂരകൾക്ക് വിരിച്ചിട്ടുണ്ടാവുക. അകത്ത് ഫയർ പ്ലേസിന്റെ ഭാഗമായി വരുന്ന ചിമ്മിനിയും എലിവേഷൻ ഡിസൈനിന്റെ ഭാഗമായി കാണാം. കരിങ്കല്ലിന്റെയും ഇഷ്ടികയുടെയും ഭംഗി കാണുന്ന വിധവും എക്സ്റ്റീരിയർ ഡിസൈൻ ചെയ്യാറുണ്ട്. സമവും ക്രമവും ആയ ഡിസൈൻ സമീപനമാണ് എലിവേഷനിൽ കാണാൻ സാധിക്കുക. ഭിത്തികളിൽ ഗ്രൂവ് ഡീറ്റെയിൽസോ ക്ലാഡിങ് ഡീറ്റെയിൽസോ അലങ്കാരത്തിന്റെ ഭാഗമായി .കാണാം. കൊളോണിയൽ ശൈലിയിൽ ഉള്ള വീടുകളുടെ ഇൻറീരിയർ കൃത്യമായ മാറ്റങ്ങളുണ്ട്. ഫളോറിങ്, ഫർണീച്ചർ, ലൈറ്റിങ്ങ് , മറ്റ് അലങ്കാരങ്ങൾ എന്നിവയിലെല്ലാം കൃത്യമായ കൊളോണിയൽ തനിമ ഇത്തരം വീടുകളുടെ പ്രത്യേകത ആണ്.
ട്രോപ്പിക്കൽ സ്റ്റൈൽ
ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ശക്തമായ പ്രാധാന്യമുള്ള ഒരു ഡിസൈൻ ശൈലിയാണ് ട്രോപ്പിക്കൽ ആർക്കിടെക്ച്ചർ. ട്രോപ്പിക്കൽ മൺസൂൺ കാലാവസ്ഥ അനുഭവപ്പെടുന്ന നമ്മുടെ നാട്ടിലേക്കും യോജിക്കുന്ന ഒരു ശൈലി തന്നെയാണ് ട്രോപ്പിക്കൽ ആർക്കിടെക്ചർ.
ചുറ്റും നിറയുന്ന പച്ചപ്പിനെ വീടിനകത്തേക്ക് ഏറ്റവും കൂടുതൽ കൊണ്ടു വരുന്ന രീതിയിൽ ആയിരിക്കും ഇത്തരം വീടുകളുടെ പ്ലാനിങ്. നല്ല പൊക്കമുള്ള ചെരിഞ്ഞ മേൽക്കൂര, ചുറ്റുപാടുകളിലേക്ക് മിഴി തുറക്കുന്ന വലിയ ജനാലകളും ഗ്ലാസുകളും, മികച്ച രീതിയിലുള്ള ക്രോസ് വെന്റിലേഷൻ എന്നിവയെല്ലാം ട്രോപ്പിക്കൽ ആർക്കിടെക്ചറിന്റെ പ്രധാന പ്രത്യേകതകളാണ്. സിമന്റ്, സ്റ്റോൺ, തടി എന്നിവയുടെ നാച്ചുറൽ ഭംഗി അതേപോലെ ഉപയോഗപ്പെടുത്തി കൊണ്ടാവും വീടിന്റെ ഡിസൈൻ. ശാസ്ത്രീയമായി വായു സഞ്ചാരത്തിന്റെ ദിശ കണക്കാക്കി, ചൂട് കുറയ്ക്കുന്നതിനായി ക്രമീകരിക്കുന്ന വാട്ടർ ബോഡികളും വീടിന്റെ ഡിസൈനിന്റെ ഭാഗമായി കാണാം.
മെഡിറ്ററേനിയൻ സ്റ്റൈൽ
സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഒരു നിർമ്മാണ ശൈലിയാണ് മെഡിറ്ററേനിയൻ ശൈലി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഈ ശൈലിയോട് പ്രിയമുള്ള ആളുകൾ ഏറെയാണ്.
വീടിന്റെ എക്സ്റ്റീരിയർ വ്യൂവിന് വളരെയധികം പ്രാധാന്യമുള്ള ഒരു നിർമ്മാണശൈലി ആണിത്. വീടിന്റെ എടുപ്പിനും വലുപ്പത്തിനും പ്രാധാന്യം കൂടുതൽ കൊടുക്കും വിധമാണ് എലിവേഷന്റെ ഡിസൈൻ .
വലിയ എക്സ്പോസ്ഡ് ആയിട്ടുള്ള ഭീമുകളും തൂണുകളും എക്സ്റ്റീരിയറിന്റെ ഭാഗമായി കാണാൻ കഴിയും. ചെറുതും വലുതുമായ ജനാലകളും വലിയ ആർച്ചുകളും ഇത്തരം ഡിസൈനിന്റെ ഭാഗമാണ് . സിറ്റൗട്ട് സ്പേസുകൾ കൂടുതൽ വലുപ്പവും പ്രാധാന്യവുമുണ്ടാകും. മേൽകൂര ചെരിവ് കുറഞ്ഞ് ഓട് പാകിയതായിരിക്കും. സ്റ്റൂക്കോ ഫിനിഷ്, ബ്രിക് ഫിനിഷ് എന്നിവയും ഡിസൈനിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്.
ഫ്യൂഷൻ സ്റ്റൈൽ
കേരളത്തിലെ വീട് ഡിസൈനിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒരു ഡിസൈൻ ശൈലിയാണ് മിശ്ര ശൈലിയിലുള്ള ഡിസൈൻ അഥവാ ഫ്യൂഷൻ ഡിസൈൻ. വിവിധ ആർക്കിടെക്ച്ചർ ശൈലികളിൽ നിന്ന് കടമെടുത്ത് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസരിച്ച് രൂപപ്പെടുത്തിയ ഒരു നിർമാണ ശൈലിയാണിത്. സമകാലീന ശൈലിയുടെയും ട്രഡീഷണൽ ശൈലിയുടെയും കൊളോണിയൽ ശൈലിയുടെയും ഒക്കെ പല ചേരുവകളും ഇത്തരം നിർമ്മാണത്തിൽ ഉപയോഗിക്കാറുണ്ട് . രണ്ടോ അതിലധികമോ ശൈലികളുടെ മനോഹരമായ ഒരു കോമ്പിനേഷൻ ആണിതെന്നു പറയാം . സ്ലോപ്പ്, ഫ്ലാറ്റ്, കേർവ്ഡ് രീതികളിൽ മേൽക്കൂര ഇത്തരം വീടുകളിൽ ഡിസൈൻ ചെയ്യാറുണ്ട്. ഭംഗിക്കും സൗകര്യങ്ങൾക്കും ഒരു പോലെ പ്രാധാന്യമുണ്ട് ഇത്തരം ഡിസൈനിൽ.
ഓരോ പ്രദേശത്തെയും പ്രത്യേകതകൾ, കാലാവസ്ഥ, അവിടെ നിന്ന് ലഭിക്കുന്ന മെറ്റീരിയലുകൾ, തൊഴിലാളികൾ എന്നിവ ഉപയോഗിച്ച് പ്രാദേശികമായി നിർമ്മിക്കുന്ന നിർമ്മാണ ശൈലിയാണ് വെർണാകുലർ ആർക്കിടെക്ചർ. മൺവീടുകൾ, ട്രൈബൽ വീടുകൾ എന്നിവ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്നതാണ്. കേരളത്തിൽ പ്രചാരത്തിലുള്ള വിവിധ ആർക്കിടെക്ചർ ശൈലികളെ കുറിച്ച് നല്ലൊരു ഉൾക്കാഴ്ച ലഭിച്ചു കാണുമല്ലോ