കടുത്ത വേനലിലും പുറത്ത് എത്ര ചൂട് ഉണ്ടെങ്കിലും ചില വീടുകളിൽ കയറി ചെല്ലുമ്പോൾ നല്ല കുളിർമ തോന്നും. വീടിനുള്ളിൽ ഫാൻ ഇല്ലാതെ ഇരുന്നാലും വെട്ടി വിയർക്കില്ല. എ.സി ഒന്നുമില്ലാതെ രാത്രി സുഖമായി കിടന്നുറങ്ങാം. എന്നാൽ തൊട്ടപ്പുറത്തുള്ള വീടിന്റെ ഉള്ളിൽ കടുത്ത ചൂടും ആയിരിക്കും.
ഇതിന്റെ കാരണം മറ്റൊന്നുമല്ല, ആ വീടിന്റെ ഡിസൈനിലും, നിർമ്മാണത്തിലും, ഒക്കെ ആ വീടിന്റെ ആർക്കിടെക്ടും വീട്ടുകാരും അത്രയധികം ശ്രദ്ധ പതിപ്പിച്ചതു കൊണ്ട് മാത്രമാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ എടുത്തതുകൊണ്ടാണ്. അപ്പോൾ നമ്മുടെ വീട്ടിലും ചൂട് കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വീടിനുള്ളിൽ ചൂട് കുറയ്ക്കാൻ പുതിയതായി പണിയുന്ന വീട്ടിൽ എടുക്കേണ്ട മുൻകരുതലുകൾ നോക്കാം
ഭിത്തി കെട്ടാൻ സിമന്റ് ബ്ലോക്കുകൾക്കു പകരം മണ്ണ് ഇഷ്ടികയോ, വെട്ടുകല്ലോ, മണ്ണോ ഉപയോഗിക്കുക. മണ്ണിന്റെ തണുപ്പ് അനുഭവിച്ചറിയാം.. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചാൽ ചൂടും കുറയ്ക്കാം.
ഭിത്തി കെട്ടുമ്പോൾ സാധാരണ അളവിൽ നിന്നും അല്പം കൂടി ഉയർത്തി ഭിത്തി കെട്ടിയശേഷം മേൽക്കൂര നൽകുകയാണെങ്കിൽ ചൂട് കുറയ്ക്കാൻ സാധിക്കും.
ഭിത്തിയുടെ ഉള്ളിൽ ഗ്യാപ്പ് ഇട്ട്, അതായത് ഉൾഭാഗം പൊള്ളയാക്കി (Rat trap bond) ഭിത്തി കെട്ടുന്നതും വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായകമാണ്.
കാറ്റിന്റെയും സൂര്യപ്രകാശത്തിന്റെയും സഞ്ചാര പാത മനസ്സിലാക്കി വേണം മുറികളിൽ ജനാലകളും അവയുടെ വലുപ്പവും ക്രമീകരിക്കാൻ. ശാസ്ത്രീയമായുള്ള ഇവയുടെ ക്രമീകരണം വായു സഞ്ചാരം സുഗമമാക്കുകയും ചൂട് കുറയ്ക്കുകയും ചെയ്യും
ജനാലകളുടെ ചില പാളികൾക്ക് ലൂവേഴ്സ് ഷട്ടറുകൾ നൽകുന്നത് ജനാല അടഞ്ഞുകിടക്കുമ്പോഴും വായു സഞ്ചാരം സുഗമമാക്കും.
മേൽക്കൂര വാർക്കുമ്പോൾ ഫില്ലർ സ്ലാബ് രീതിയിൽ വാർക്കുന്നതും ചൂടു കുറയ്ക്കാൻ സഹായിക്കും. റൂഫ് കോൺക്രീറ്റ് ചെയ്യുമ്പോൾ ടെറാക്കോട്ട ഹുരുഡീസ് ഉപയോഗിച്ച് വാർക്കുന്നതും ചൂട് കുറക്കാൻ സഹായകമാണ്.
മേൽക്കൂര ഫ്ലാറ്റ് ആയി വാർത്ത ശേഷം ട്രസ് ഇട്ട് ഓടു പാകുന്നത് ചൂടു കുറയ്ക്കാൻ ഉപകരിക്കും. കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയാണിത്. മേൽക്കൂരയിലെ ഓടിന്റെയും ഫ്ലാറ്റായി വാർത്ത സ്ലാബിന്റെയും ഇടയിൽ ഒരു നല്ല ഗ്യാപ്പ് വരുന്നതുകൊണ്ടുതന്നെ ചൂട് നേരിട്ട് സ്ലാബിൽ പതിക്കില്ല. വീടിനുള്ളിൽ ചൂട് കുറയും.
റൂഫ് കോൺക്രീറ്റ് സ്ലാബ് ആണെങ്കിൽ ഇതിന്റെ അടിയിൽ ജിപ്സം ഉപയോഗിച്ച് ഒരു ഫാൾസ് സീലിങ് നൽകുന്നത് മുറിയിലെ ചൂട് കുറയ്ക്കും.
ഫാൾസ് സീലിങ്ങിനും കോൺക്രീറ്റ് മേൽക്കൂരയ്ക്കും ഇടയിൽ ഭിത്തികളിൽ ഗ്യാപ്പ് / ദ്വാരങ്ങൾ നൽകുന്നത് ചൂടുവായു പുറത്തേക്ക് തള്ളും, ചൂട് കുറയ്ക്കും.
ഭിത്തികളുടെ മുകൾഭാഗത്തും അടിഭാഗത്തും ചെറിയ വെന്റിലേഷൻ, ഓപ്പണിങ് നൽകിയാൽ ചൂടുവായു മുകളിലൂടെ പുറത്തേക്കു പോയി തണുത്ത വായു താഴത്തെ ഓപ്പണിങ്ങിലൂടെ അകത്തെത്തും. അതുപോലെ വാതിലിന്റെയും ജനലുകളുടെയും സ്ഥാനം കൃത്യമായി വേണം പ്ലാൻ ചെയ്യുവാൻ. വായു കയറിയിറങ്ങി പോകാൻ പാകത്തിൽ വേണം ഇവ നൽകാൻ.
വെയിൽ കൂടുതൽ പതിക്കുന്ന ഭാഗത്താണ് കൂടുതൽ സമയം ചെലവഴിക്കുന്ന മുറികളോ, കിടപ്പുമുറിയോ വരുന്നതെങ്കിൽ, അതിനു മുന്നിലായി വരാന്ത നൽകുന്നത് മുറിയുടെ ഭിത്തികളിലേക്ക് വെയിൽ നേരിട്ട് പതിക്കുന്നത് ഒഴിവാക്കും. ഇത് ചെരിഞ്ഞ മേൽക്കൂരയോടുകൂടിയാണെങ്കിൽ കൂടുതൽ അഭികാമ്യം.
വീടുകൾക്ക് വായു സഞ്ചാരമുള്ള നടുമുറ്റം നൽകുന്നത് നല്ലതാണ്. എന്നാൽ ഇതേ നടുമുറ്റം ഷീറ്റിട്ട് അടച്ചാൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുക. ഷീറ്റ് ഇടണമെന്ന് നിർബന്ധമാണെങ്കിൽ നടുമുറ്റത്തിനു ചുറ്റും ഇടുന്ന ഷീറ്റ് ഉയർത്തി സ്ഥാപിച്ചു വെന്റിലേഷൻ ഉറപ്പാക്കി വേണം ഷീറ്റ് ഇടാൻ .
കഴിയുന്നതും വീടിന്റെ പ്ലാൻ ഓപ്പൺ ആക്കുക. ഭിത്തികൾ കഴിയുന്നത്ര കുറച്ച് വായു സഞ്ചാരം കൂട്ടുന്നത് വീടിനുള്ളിലെ ചൂടിന്റെ അളവ് കുറയ്ക്കും.
നിലവിലെ വീട്ടിൽ ചൂട് കുറയ്ക്കാൻ സ്വീകരിക്കാവുന്ന മാർഗങ്ങൾ
മുറ്റത്ത് പച്ചപ്പ് ഒരുക്കുന്നത് ചൂട് കുറയ്ക്കും. പുൽത്തകിടിയും ചെടികളും ഒക്കെ നല്ലതാണ്. ഇവയ്ക്ക് നനച്ചു കൊടുക്കുമ്പോൾ മണ്ണിലെ ചൂടും കുറയും. അന്തരീക്ഷം തണുപ്പുള്ളതാകും .മുറ്റത്തു വിരിക്കുന്ന ടൈലും മെറ്റലും ഒക്കെ ചൂടു കൂട്ടുകയേ ഉള്ളൂ.
വീടിന്റെ ഭിത്തികളിൽ, വെയിൽ പതിക്കാൻ സാധ്യതയുള്ള വശങ്ങളിൽ മുറ്റത്തിന്റെ അരികിലായി പൊക്കമുള്ള ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. ഇതിന്റെ തണൽ ഭിത്തികളിലേക്ക് ചൂടു പതിക്കുന്നത് ഇല്ലാതാക്കും.
കൂടുതൽ വെയിൽ പതിക്കുന്ന ജനാലകൾക്ക് കട്ടിയുള്ള കർട്ടനുകൾ നൽകുന്നത് വെളിച്ചത്തോടൊപ്പം ചൂടിനെ അകത്തോട്ട് കടത്തിവിടുന്നത് കുറയ്ക്കും. എന്നാൽ കാറ്റ് കൂടുതൽ ലഭിക്കുന്ന മുറികളിൽ കട്ടി കുറഞ്ഞ കർട്ടനുകളാണ് നല്ലത്.
കിടപ്പുമുറിയുടെ രണ്ടു ഭിത്തികളിലായി എക്സോസ്റ്റ് ഫാൻ നൽകുന്നത് ഒരു പരിധിവരെ എസിയുടെ ഉപയോഗം ഒഴിവാക്കാൻ സഹായിക്കും. ഒരു എക്സോസ്റ്റ് ഫാൻ മുറിക്കുള്ളിലെ ചൂട് പുറത്തേക്ക് വലിച്ചു കളയാനും മറ്റൊന്ന് പുറത്തെ തണുത്ത വായു അകത്തോട്ട് വലിച്ച് കയറ്റുന്ന വിധത്തിലും ആയിരിക്കണം ഈ ഫാനുകൾ ക്രമീകരിക്കേണ്ടത്.
ടെറസിൽ തെർമൽ ഇൻസുലേഷനിലൂടെ വീടിനുള്ളിലെ ചൂട് കുറയ്ക്കാം. മേൽക്കൂരയിൽ അപ്പോക്സി കോട്ടിങ് നൽകുകയാണ് അതിനുള്ള ഏറ്റവും നല്ല വഴി. വിവിധ കമ്പനികളുടെ ഇത്തരത്തിലുള്ള മെറ്റീരിയലുകൾ വിപണിയിൽ ലഭ്യമാണ്.
ടെറസിന്റെ പ്രതലത്തിന് വെളുത്ത പെയിന്റ് അടിക്കുന്നത് ഒരു ചെറിയ ശതമാനം ചൂട് കുറയ്ക്കും. വെള്ളനിറം ചൂടിനെ ആഗിരണം ചെയ്യുന്നതിന് പകരം പ്രതിഫലിപ്പിക്കും എന്നുള്ളത് കൊണ്ടാണ് ഇത്. കൂടാതെ പുറംഭിത്തികളിൽ അടിക്കുന്ന ചില പെയിന്റുകളും ചൂടിനെ പ്രതിരോധിക്കുന്ന വിധത്തിൽ ഇന്ന് പല കമ്പനികളും ഇറക്കുന്നുണ്ട്.