ഹോ... എന്തൊരു ചൂട്... ദിവസവും ഇങ്ങനെ പറയാത്തവരായി ഇപ്പോൾ നാട്ടിൽ ആരുമുണ്ടാകില്ല. വേനൽ ഇങ്ങെത്തും മുൻപ് തന്നെ ചൂട് സഹിക്കാവുന്നതിനും അപ്പുറമായി കഴിഞ്ഞു. മിക്ക ദിവസത്തെയും ടി.വി, പത്രവാർത്തകളിൽ ഒക്കെ ചൂട് വർദ്ധിക്കുന്നതിന്റെ റിപ്പോർട്ടുകൾ കാണാം. മിക്ക വീടുകളിലും ചൂട് അസഹനീയമാണ്. വീട് നിർമ്മാണത്തിന്റെ ഘട്ടത്തിലും അതിനു മുന്‍പും ശേഷവും ഒക്കെയായി വീടിനും ചുറ്റുവട്ടത്തും ഒക്കെയായി നമ്മൾ ചെയ്തു കൂട്ടിയിട്ടുള്ള പല കാര്യങ്ങളുമാണ് ഇങ്ങനെ ചൂട് കൂട്ടുന്നത്. ഈ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലേ ചൂടിനെ പ്രതിരോധിക്കാനാവു.
വീടിനുള്ളിൽ ചൂട് കൂട്ടുന്ന കാരണങ്ങൾ
• കോൺക്രീറ്റ് സാവധാനം ചൂട് പിടിക്കുന്ന ഒന്നാണ്. ചൂട് പിടിച്ച കോൺക്രീറ്റ് തണുക്കാനും സമയമെടുക്കും.
• ഒരു പകൽ മുഴുവൻ പതിക്കുന്ന വെയിൽ കോൺക്രീറ്റിനെ ചുട്ടുപഴുപ്പിക്കും. വൈകുന്നേരം ചൂട് കുറഞ്ഞ് രാത്രി അന്തരീക്ഷം തണുത്ത് തുടങ്ങിയാലും വളരെ പതുക്കയേ കോൺക്രീറ്റിലെ ചൂട് പോകു.
• കോൺക്രീറ്റ് ചൂട് കടത്തിവിടുന്ന മെറ്റീരിയൽ ആയതുകൊണ്ട് തന്നെ മേൽക്കൂരയുടെ മറ്റ് ഭാഗങ്ങളിലേക്കും, ഭിത്തികളിലേക്കും, മുറിയിലേക്കും ഒക്കെ ആ ചൂട് ഇറങ്ങും. കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകളിൽ ചൂട് കൂടുന്നതിന്റെ ഒരു കാരണം ഇതാണ്.
• കേരളത്തിലെ കാലാവസ്ഥയനുസരിച്ച് തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ചൂട് കൂടുതലായിരിക്കും. വീട് നിർമ്മിക്കുന്ന സമയത്ത് പ്ലാനിങ്ങിൽ ശ്രദ്ധിക്കാതെ ഈ ഭാഗത്ത് കൂടുതൽ സമയം ഉപയോഗിക്കുന്ന മുറികൾ, കിടപ്പുമുറികൾ എന്നിവ ക്രമീകരിച്ചാൽ പിന്നെ വീടിനെയും ചൂടിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
• ഭിത്തികളിലേക്ക് നേരിട്ട് വെയിൽ പതിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ അത് മുറികളിലെ ചൂട് വർദ്ധിപ്പിക്കും.
• കൃത്യമായ ക്രോസ് വെന്റിലേഷനുകൾ ഇല്ലാതിരുന്നാൽ മുറികളിൽ ചൂട് വർദ്ധിക്കും. ഓരോ മുറികളിലും ആവശ്യമായ ഓപ്പണിങ്ങുകൾ കൊടുക്കുന്നതിന് ശാസ്ത്രീയമായ അളവുകൾ ഉണ്ട്. ഈ അളവുകൾ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്.
• മുറികൾക്കുള്ളിൽ ചൂട് പിടിക്കുന്ന വായു മുകളിലേക്ക് ഉയരും. ഉയർന്നുവരുന്ന ഈ ചൂട് വായുവിന് പുറത്തേക്ക് പോകാനുള്ള ഓപ്പണിങ് ഇല്ലാതിരുന്നാൽ ചൂട് മുറിക്കുള്ളിൽ കെട്ടി നിൽക്കും.
• ചൂടുള്ള ഒരു മുറിയിലേക്ക് തണുത്ത വായു പ്രവേശിക്കുന്നത് എപ്പോഴും താഴ്ഭാഗത്തുള്ള ഓപ്പണിങ്ങുകളിലൂടെയാണ്. തണുത്ത വായു പ്രവേശിക്കാനുള്ള സാഹചര്യം, മുറികളുടെ താഴ്ഭാഗത്ത് നൽകാതിരുന്നാലും മുറികളിൽ ചൂട് കൂടും.
• വെയിൽ നേരിട്ട് പതിക്കുന്ന ഭാഗങ്ങളിൽ ഭിത്തികൾക്ക് പകരം വലിയ ഗ്ലാസ് നൽകിയാൽ, അല്ലങ്കിൽ വലിയ ഓപ്പണിങ്ങുകൾ കൊടുത്ത് ഗ്ലാസ് നൽകിയാൽ അതും ചൂട് കൂട്ടും.
• ചുറ്റുപാടുകളിൽ നിന്നാണ് വീട്ടിലേക്ക് വേണ്ട കാറ്റും വെളിച്ചവും പ്രവേശിക്കേണ്ടത്. എന്നാൽ ചുറ്റും വീടുകൾ ചേർന്ന് ചേർന്ന് ഇരിക്കുമ്പോൾ വായു സഞ്ചാരം കുറയുകയും ചൂട് കൂടുകയും ചെയ്യും.
• രണ്ടുനില വീടുകളിലെ മുകൾ നിലയിൽ താരതമ്യേന ചൂടു കൂടും. ടെറസിൽ പതിക്കുന്ന ചൂട് നേരിട്ട് മുറികളിലേക്ക് ഇറങ്ങും എന്നുള്ളതുകൊണ്ടാണ്.
• ഒറ്റ നില വീടാണെങ്കിലും ഫ്ലാറ്റ് കോൺക്രീറ്റ് റൂഫ് ആണ് മേൽക്കൂരയെങ്കിൽ ചൂട് കൂടും. അതുപോലെ മുറികൾക്ക് ഉയരം കുറവാണെങ്കിലും ചൂട് കൂടുതൽ അനുഭവപ്പെടാം.
• വീടിനു ചുറ്റും മുറ്റത്ത് മെറ്റൽ, ബേബി മെറ്റൽ, പേവിങ് ടൈലുകൾ എന്നിവ വിരിക്കുന്നത് ചൂട് കൂട്ടും. നേരിട്ട് പതിക്കുന്ന ചൂട് ഇവ ആഗിരണം ചെയ്യുകയും അത് പ്രതിഫലിപ്പിക്കുകയും ചെയ്യും.
• തുറസ്സായ സ്ഥലത്ത്, അതുപോലെ ചുറ്റുപാടും കാര്യമായ മരങ്ങളോ പച്ചപ്പോ ഇല്ലാതിരുന്നാലും വീടുകൾക്കുള്ളിൽ ചൂട് വർദ്ധിക്കാം.
വീടിന്റെ പ്ലാൻ ശാസ്ത്രീയമായി ഡിസൈൻ ചെയ്തതല്ലെങ്കിൽ തീർച്ചയായും വീടിനുള്ളിൽ ചൂട് വർദ്ധിക്കും. കാറ്റിന്റെ സഞ്ചാരപാത കൃത്യമായി മനസ്സിലാക്കി അതിനെ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ഓപ്പണിങ് നൽകാതിരുന്നാൽ ചൂടു കൂടും. അതുപോലെ തന്നെ വെളിച്ചത്തോടൊപ്പം കടന്നുവരുന്ന ചൂടിന്റെ ദിക്കുകളും കൃത്യമായി മനസ്സിലാക്കി വേണം പ്ലാൻ വരയ്ക്കുവാനും മുറികൾ ക്രമീകരിക്കുവാനും. പ്ലാനിങ്ങും വീടിന്റെ ഡിസൈനും മികച്ചതാണെങ്കിൽ ഫ്ലാറ്റായി പണിത റൂഫ് ആണെങ്കിൽ പോലും കോൺക്രീറ്റ് വീടുകളിൽ ചൂട് ഒരു നല്ല പരിധിവരെ ഒഴിവാക്കാൻ കഴിയും.