• വലിയ ഗ്ലാസ് ജനാലകളും എല്ലാ ഭാഗത്തേക്കും തിരിക്കാവുന്ന സീറ്റുകളും ഉള്ള കോച്ചുകൾ വഴി ചെങ്കോട്ടയുടെ മനോഹരമായ പ്രകൃതിഭംഗി യാത്രികർക്ക് പൂർണ്ണമായി ആസ്വദിക്കാനാകും.

മധുര - ഗുരുവായൂർ എക്സ്‍പ്രസിൽ അനുവദിച്ച വിസ്റ്റാഡോo കോച്ചുകൾ വൻ ഹിറ്റ്. ഈയാഴ്ചത്തേക്കുള്ള വിസ്റ്റഡോം സീറ്റുകൾ മുഴുവൻ നിറഞ്ഞു. അടുത്തയാഴ്ചത്തേയ്ക്കും വൻ ഡിമാൻഡാണ്. കേരളത്തില്‍ ആദ്യമായി വിസ്റ്റാഡോo കോച്ച് അനുവദിക്കുന്നത് കൊല്ലം –പുനലൂർ –ചെങ്കോട്ട വഴി കടന്നുപോകുന്ന മധുര- ഗുരുവായൂർ എക്സ്പ്രസിലാണ്.

വിസ്റ്റാഡോ കോച്ച് ഏതൊക്കെ ദിവസങ്ങളില്‍

ഒക്ടോബർ 22 മുതൽ ജനുവരി 15 വരെ മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ ട്രെയിനിലും ഒക്ടോബർ 23 മുതൽ ജനുവരി 16 വരെ ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള 16328-ാം നമ്പർ ട്രെയിനിലും വിസ്റ്റാഡോം കോച്ച് ലഭ്യമാകും. മധുര- ഗുരുവായൂർ റൂട്ടില്‍ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ഗുരുവായൂർ - മധുര റൂട്ടില്‍ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലുമാണ് വിസ്റ്റഡോം കോച്ച് ലഭിക്കുക. 

ടിക്കറ്റിന് ഡിമാന്‍ഡ് 

22നുള്ള മധുരയില്‍ നിന്നും ഗുരുവായൂരിലേക്കുള്ള വിസ്റ്റാഡോം ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നു. 23 ന് വെയിറ്റിംഗ് ലിസ്റ്റിലാണ് ടിക്കറ്റുകള്‍. വെള്ളിയാഴ്ച ഗുരുവായൂരില്‍ നിന്നും മധുരയിലേക്കുള്ള വിസ്റ്റാഡോം ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നു. 24, 25 തീയതികളില്‍ വെയ്റ്റിംഗ് ലിസ്റ്റാണ്. 1875 രൂപയാണ് ടിക്കറ്റ് നിരക്ക്. 

കാണാം ചെങ്കോട്ടയുടെ സൗന്ദര്യം

ചെങ്കുത്തായ മലനിരകളിലൂടെയും തുരങ്കങ്ങളിലൂടെയും കുന്നിൻ ചരിവുകളിലൂടെയും നദീതീരങ്ങളിലൂടെയും ഉള്ള യാത്രയാണ് കൊല്ലം ചെങ്കോട്ട പാത സമ്മാനിക്കുന്നത്. ഈ പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് വിസ്റ്റാഡോം കോച്ചിന്‍റെ പ്രത്യേകത. വലിയ ഗ്ലാസ് ജനാലകളാണ് ഈ കോച്ചുകളുടെ ആകർഷണം. മലകളും നദികളും തീർക്കുന്ന പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമായ റൂട്ടുകളിൽ ട്രെയിൻ യാത്ര അവിസ്മരണീയമാക്കാൻ ഇത്തരം കോച്ചുകൾ സഹായിക്കുന്നു. 

ഗ്ലാസ് ജനാലകൾക്ക് പുറമെ ചില തരം കോച്ചുകളിൽ ഗ്ലാസ് മേൽക്കൂരകളും ഉപയോഗിക്കുന്നു. എല്ലാ ഭാഗത്തേക്കും തിരിക്കാവുന്ന സീറ്റുകളാണ് മറ്റൊരു പ്രത്യേകത. മനോഹരമായ ദൃശ്യങ്ങൾ മതി വരുവോളം  പകർത്താനും  ഈ ട്രെയിൻ യാത്രയിൽ സാധിക്കും. 

ENGLISH SUMMARY:

The newly introduced Vistadome coach on the Madurai-Guruvayur Express has emerged as a massive hit among travelers, with seats for the current week fully booked and high demand for next week. Operating via the scenic Kollam-Punalur-Sengottai route, this marks Kerala's first Vistadome service, offering passengers panoramic views through large glass windows and rotating seats. Tickets are priced at 1,875 rupees, and the special coaches will remain operational on designated days from October 22 to January 16. Travelers can experience breathtaking vistas of steep mountains, tunnels, and riverbanks along this historic hill route.