• റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽ നിന്ന് നേരിട്ടെടുക്കുന്ന ഓഫ്‌ലൈൻ ടിക്കറ്റുകൾക്കും ഒക്ടോബർ 27 മുതൽ ഇൻഷുറൻസ് പരിരക്ഷ നൽകാൻ റെയിൽവേയ്ക്ക് സുപ്രീം കോടതി നിർദേശം നൽകി.

ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് സൗകര്യം കൗണ്ടര്‍ ടിക്കറ്റിലും ഏര്‍പ്പെടുത്താന്‍ റെയില്‍വേയ്ക്ക് സുപ്രീംകോടതി നിര്‍ദേശം. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനില്‍ നിന്നും എടുക്കുന്ന കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ഒക്ടോബര്‍ 27 മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണം. ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവാദിയായിരിക്കുമെന്ന് ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കി. 

കവച് ആന്റി-കൊളിഷൻ സിസ്റ്റം നടപ്പിലാക്കാത്തത് ചോദ്യം ചെയ്തും 2023 ലെ ഒഡീഷ ട്രെയിന്‍ അപകടം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഉൾപ്പെടെ ഓഫ്‌ലൈനായി ടിക്കറ്റ് വാങ്ങുന്ന യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാന്‍ മുന്‍ വാദം കേൾക്കലുകളിൽ സുപ്രീം കോടതി റെയില്‍വേയ്ക്ക് സമയം നല്‍കിയിരുന്നു. 

മേയ് 11 ന്  കേന്ദ്രം സമര്‍പ്പിച്ച മറുപടിയില്‍ ഓഫ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആലോചിച്ചു വരികായാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് കണ്ടാണ് ഒക്ടോബര്‍ ആറിന്‍റെ വാദംകേള്‍ക്കലില്‍ ഒക്ടോബർ 27 മുതല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ കോടതി നിര്‍ദേശം. ഓൺലൈൻ ടിക്കറ്റുകളുടെ അതേ നിബന്ധനകളോടെയാണ് കൗണ്ടര്‍ ടിക്കറ്റിനും ഇന്‍ഷൂറന്‍സ് ലഭിക്കുക. 

നിലവില്‍ ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് മാത്രമാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് ലഭിക്കുക. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഒരു യാത്രക്കാരാന് 45 പൈസയാണ് ഇന്‍ഷുറന്‍സ് പ്രീമിയം. 10 ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സാണിത്. 

ENGLISH SUMMARY:

The Supreme Court of India has directed the Indian Railways to provide travel insurance cover for counter-ticket passengers starting October 27. A bench comprising Justice Ahsanuddin Amanullah and Justice R. Mahadevan issued the order while hearing a petition regarding safety measures and railway accident investigations. The court warned that the Railway Board would be held responsible if it fails to implement the mandatory insurance coverage within the stipulated deadline. Currently, travel insurance offering coverage up to 10 lakh rupees for a premium of 45 paise is available exclusively for online tickets booked through IRCTC.