Image Credit: Facebook/Extreme Spotter
ബോയിങിന്‍റെ 737 മാക്സ് എയര്‍ക്രാഫ്റ്റുകളില്‍ സോഫ്റ്റുവെയര്‍ തകരാര്‍ കണ്ടെത്തിയെന്ന് കമ്പനി. ലാന്‍ഡിങിനിടെ സാങ്കേതിക പ്രശ്നങ്ങളുണ്ടാകാന്‍ ഇത് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന 96 വിമാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും ആകാശ എയറുമാണ് ബോയിങ് 737 മാക്സ് എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൈവശം 53 ഉം ആകാശയ്ക്ക് 43 ഉം വിമാനങ്ങളാണുള്ളത്. കഴിഞ്ഞമാസമാണ് ഇത്തരത്തിലൊരു തകരാര്‍ കണ്ടെത്തിയതെന്നും ഈ സാങ്കേതിക തകരാര്‍ പൂര്‍ണമായി പരിഹരിക്കുന്നതിനായുള്ള സോഫ്റ്റ്വെയര് അപ്ഡേറ്റിനായുള്ള പരിശ്രമം തുടരുകയാണെന്നും ബോയിങ് വക്താവ് വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് ഓട്ടോപൈലറ്റ് തകരാര്‍? ബോയിങിന്‍റെ കോക്പിറ്റ് സോഫ്റ്റുവെയര്‍ അപ്ഡേറ്റിലുണ്ടായ പിഴവിനെ തുടര്‍ന്ന്, ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ട് വിമാനം വീണ്ടും പറന്നുയരുന്ന സാഹചര്യങ്ങളില്‍ ലാന്‍ഡ് ചെയ്യാന്‍ തടസം നേരിടുന്നുവെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പാതയില്‍ നിന്ന് മാറി പുതിയ ലാന്‍ഡിങ് പാതയിലേക്ക് വിമാനം കടക്കുമ്പോള്‍ വിമാനത്തിനുള്ളിലെ ഓട്ടോമേറ്റഡ് ഫ്ലൈറ്റ് ഗൈഡന്‍സ് സംവിധാനം പ്രവര്‍ത്തനരഹിതമായേക്കാമെന്നാണ് കണ്ടെത്തല്‍. അതേസമയം, ഇത് വിമാനത്തിന്‍റെ പ്രവര്‍ത്തനത്തെ പൂര്‍ണമായും ബാധിക്കില്ലെന്നും പൈലറ്റുമാര്‍ക്ക് മാനുവലായി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കാന്‍ കഴിയുമെന്നും മുന്നറിയിപ്പെന്ന നിലയില്‍ മാത്രമാണ് ഇത് അറിയിക്കുന്നതെന്നുമാണ് ബോയിങ് വിശദീകരിക്കുന്നത്.
വിഷയത്തില്‍ ബോയിങുമായി ആശയവിനിമയം നടക്കുകയാണെന്നും എന്നാല്‍ സുരക്ഷാപ്രശ്നം ഇതുവരെയും ഉണ്ടായില്ലെന്നും ആകാശ എയര്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബോയിങിന്‍റെ 737 മാക്സ് വിമാനങ്ങളിലേതിനെങ്കിലും ബുദ്ധിമുട്ട് നേരിട്ടോയെന്ന കാര്യത്തില്‍ വിമാനക്കമ്പനി പ്രതികരിച്ചിട്ടില്ല. എയര്‍ ഇന്ത്യയും ഡിജിസിഎയും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ബോയിങ് 737 മാക്സില്‍ സുരക്ഷാപ്രശ്നം മുന്‍പും
2018 ഒക്ടോബറില്‍ ലയണ്‍ എയറിന്‍റെ 737 മാക്സ് 8 വിമാനം ഇന്തൊനീഷ്യയില്‍ തകര്‍ന്ന് 189 പേരാണ് കൊല്ലപ്പെട്ടത്. 2019 മാര്‍ച്ചില്‍ ഇതോപ്യന്‍ എയര്‍ലൈന്‍സിന്‍റെ 737 മാക്സ് 8 വിമാനം തകര്‍ന്ന് 157 പേരും കൊല്ലപ്പെട്ടു. ഇതോടെ ഈ വിമാനങ്ങള്‍ ഇടക്കാലത്ത് ആരും പറത്താതെയായിരുന്നു. തകരാറുകള്‍ പരിഹരിച്ച് വീണ്ടും സര്‍വീസ് തുടങ്ങിയെങ്കിലും പറക്കലിനിടെ അലാസ്ക എയര്‍ലൈന്‍സിന്‍റെ 737 മാക്സ് 9 വിമാനത്തിന്‍റെ വാതില്‍ പറന്നുപോയത് വീണ്ടും സുരക്ഷാപ്പിഴവുകളിലേക്ക് വിരല്‍ചൂണ്ടി. ഇതോടെ ബോയിങിന്‍റെ വിമാന നിര്‍മാണത്തിലെ ഗുണനിലവാര പരിശോധനാരീതികളും ചോദ്യം ചെയ്യപ്പെട്ടു. പുതിയ 737 മാക്സ് വിമാനങ്ങള്‍ ഇനി തങ്ങള്‍ക്ക് വേണ്ടെന്ന് യുഎസിലെ പ്രമുഖ വിമാനക്കമ്പനികളായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സും ബോയിങിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ലോകമെങ്ങുമായി 737 മാക്സ് വിഭാഗത്തില്‍പ്പെട്ട 2,400ലേറെ വിമാനങ്ങളാണ് ബോയിങിന്‍റേതായി ഉപയോഗത്തിലുള്ളത്.
2025 ജൂണില്‍ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന് പിന്നാലെയാണ് ബോയിങിലെ സുരക്ഷാപ്രശ്നങ്ങള്‍ സജീവ ചര്‍ച്ചയായത്. ഇതിന് പിന്നാലെ ബോയിങിന്‍റെ 787–8 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷാ പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു.