• 'വാഷ്‌റൂം സ്ട്രഗിൾ' വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

വിമാനയാത്രകളിൽ പരാതികൾ ഉയരുന്നത് പലവിധമാണ്. എന്നാൽ, തന്‍റെ പൊക്കംകൊണ്ടും ശരീര വലിപ്പം കാരണവും വിമാനത്തിലെ ശുചിമുറിയിൽ കയറാൻ പാടുപെടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലായത്. ഇതു പങ്കുവെച്ച ട്രാവൽ കപ്പിളിന് സോഷ്യൽ മീഡിയയിൽ കിട്ടിയത് ട്രോളുകളുടെ പെരുമഴ. എയർ ഇന്ത്യയുടെ വിമാനത്തിനുള്ളിൽ ചിത്രീകരിച്ച ഇൻസ്റ്റാഗ്രാം റീലാണ് സമൂഹമാധ്യമങ്ങളിൽ ചിരിയും ചർച്ചയുമുണ്ടാക്കുന്നത്.

6 അടി 8 ഇഞ്ച് ഉയരമുള്ള ഒരു വിദേശിയാണ് വീഡിയോയിലെ താരം. തന്റെ ഉയരം കാരണം എയർ ഇന്ത്യ വിമാനത്തിലെ വാഷ്‌റൂമിനുള്ളിൽ പ്രവേശിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും യുവാവ് നേരിട്ട ബുദ്ധിമുട്ടുകളാണ് ഭാര്യ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വാഷ്റൂമിന്‍റെ വാതിലിൽ തലമുട്ടാതിരിക്കാൻ കുനിഞ്ഞും, തോളുകൾ ഒതുക്കിയും, വളഞ്ഞും പുളഞ്ഞുമാണ് യുവാവ് അകത്തേക്ക് കയറുന്നത്. വിമാനങ്ങളിലെ വാഷ്റൂമുകളിലെ ഇടുങ്ങിയ സീറ്റുകളും സൗകര്യങ്ങളും വലിയ ശരീരപ്രകൃതമുള്ള മനുഷ്യർക്ക് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് കാണിക്കുകയായിരുന്നു രസകരമായ വീഡിയോയിലൂടെ. 

യാത്രക്കാരുടെ ബുദ്ധിമുട്ട് കാണിക്കാൻ ഉദ്ദേശിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തതത്. വീഡിയോ വൈറലായതോടെ കമന്റ് ബോക്സില്‍ ട്രാക്ക് മാറിമാറിയുകയാണുണ്ടായത്. എയർ ഇന്ത്യയെ കരിവാരിത്തേക്കാനാണ് വീഡിയോ എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ നെറ്റിസൺസ് രംഗത്തെത്തി. അതോടെ യുവാവിന്റെ ശരീരപ്രകൃതിയെക്കുറിച്ചായി കമന്റുകളേറെയും.

'വിമാനങ്ങൾ നിർമിക്കുന്നത് എയർ ഇന്ത്യയല്ല, ബോയിംഗും എയർബസുമാണ്. ലോകത്തെ എല്ലാ വിമാനക്കമ്പനികളും ഉപയോഗിക്കുന്നത് ഇതേ പ്ലെയിനുകൾ തന്നെയാണ്. ഇതറിയാത്തതിന്റെ കുഴപ്പമാണിത്' എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കുറിപ്പ്. 'പൊക്കം ഒരു പ്രശ്നമാണ്, എന്നാൽ നിങ്ങളുടെ ഭർത്താവിന് ആവശ്യത്തിലും കൂടുതൽ വണ്ണമുണ്ട്. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിന് പകരം അദ്ദേഹത്തിന് അനുയോജ്യമായ മറ്റൊരു എയർലൈൻ തിരഞ്ഞെടുക്കൂ' എന്നായിരുന്നു മറ്റൊരു കമന്റ്. 

പൊക്കമുള്ളവരുടെ യാത്രാദുരിതങ്ങളെക്കുറിച്ച് ചർച്ചയാകേണ്ടിയിരുന്ന വീഡിയോ ഒടുവിൽ വിമാന ഡിസൈനിനെയും എയർലൈൻസിനെയും കുറിച്ചുള്ള വലിയൊരു ചര്‍ച്ചയായി മാറുകയായിരുന്നു സൈബറിടത്ത്. എങ്കിലും സോഷ്യൽ മീഡിയയിൽ ഈ 'വാഷ്‌റൂം സ്ട്രഗിൾ' വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

ENGLISH SUMMARY:

A travel couple’s Instagram reel capturing the struggles of a 6 ft 8 in foreign man trying to use an Air India aircraft washroom has gone viral, triggering hilarious trolls and online debate. The video shows the unusually tall man bending, contorting, and crouching past the narrow door and tight space inside the lavatory to manage basic needs. While intended to highlight how cramped standard airplane washrooms can be for tall passengers, Indian netizens quickly filled the comment section, turning the discussion toward aviation engineering and body sizing. Commenters humorously pointed out that aircraft are manufactured by Boeing or Airbus rather than Air India itself, advising the couple to understand plane designs or choose wider seating accommodations instead of blaming the airline.