അഫ്ഗാനിസ്ഥാനിലൂടെ പെര്‍മിറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന മലയാളി ട്രാവല്‍ വ്ലോഗര്‍ അരുണിമയെ കഴിഞ്ഞ ദിവസം രാത്രി താലിബാന്‍ തടഞ്ഞിരുന്നു. ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച അരുണിമ താന്‍ സുരക്ഷിതയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സംഭവം ചര്‍ച്ചയായതിനു പിന്നാലെ അഫ്ഗാന്‍ യാത്രയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ട്രാവലറായ എസ്. മാഹിന്‍ എന്ന ഹിച്ച്‌ഹൈക്കിംഗ് നോമാഡ്.
Also Read: 'താലിബാന്‍ വിട്ടയച്ചു; വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല'; ഇനി 500 കിലോ മീറ്റര്‍ കൂടിയെന്ന് അരുണിമ
അഫ്ഗാനില്‍ പോകുന്നവര്‍ പെര്‍മിറ്റെടുത്ത് യാത്ര ചെയ്യണമെന്നാണ് മാഹിന്‍ പറയുന്നത്. താനും മെക്സിക്കന്‍ സുഹൃത്തും ബമിയാനില്‍ പെര്‍മിറ്റില്ലാതെയാണ് യാത്ര ചെയ്തത്. എങ്ങനെ നേരിടണമെന്ന് അറിയാമെന്നതു കൊണ്ടാണ് പെര്‍മിറ്റില്ലാതെ യാത്ര ചെയ്തതെന്നും മാഹിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കി.
പെര്‍മിറ്റ് ഇല്ലെന്ന് കണ്ടെത്തിയാല്‍ ചെക്ക് പോസ്റ്റില്‍ തടയുകയും ചോദ്യം ചെയ്ത് പെര്‍മിറ്റ് എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഓരോയിടത്തും സമീപനം വ്യത്യസ്തമായിരിക്കും. തന്‍റെ യാത്രയില്‍ രണ്ട് പ്രൊവിസന്‍സ് പോകാനുള്ള പെര്‍മിറ്റ് മാത്രമെ എടുത്തുള്ളൂവെങ്കിലും 10 ഓളം പ്രവിശ്യകളില്‍ സഞ്ചരിച്ചെന്നും മാഹിന്‍ പറഞ്ഞു.
Also Read: ‘എന്നെ സഹായിക്കൂ; ഞാന്‍ പെട്ടിരിക്കയാണ്’; താലിബാന്‍ പിടിയില്‍ ബാക്ക്പാക്കർ അരുണിമ
'മസാർ-ഇ-ഷരീഫിൽ സന്ദർശിക്കാൻ പോയപ്പോഴും പെർമിറ്റിന്റെ പ്രശ്നം നേരിട്ടിട്ടുണ്ട്. ഞാനും എന്റെ സുഹൃത്തും പെർമിറ്റ് ഇല്ലാതെയാണ് അവിടെ എത്തിയത്. അതുകൊണ്ട് തന്നെ അവിടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളെ അകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല. പെർമിറ്റ് എന്നത് റോഡിലെ ചെക്ക്പോയിന്‍റുകള്‍ കടക്കാൻ മാത്രം വേണ്ട കാര്യമല്ല. പ്രധാന മതസ്ഥലങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥലങ്ങൾ, സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിലും പെർമിറ്റ് ചോദിച്ചേക്കാം. അതുകൊണ്ട് അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യുമ്പോൾ ആവശ്യമായ പെർമിറ്റ് എടുത്ത് പോകുന്നതാണ് ഏറ്റവും നല്ലത്' മാഹിന്‍ പറഞ്ഞു.
അഫ്ഗാനില്‍ പെർമിറ്റ് ഇല്ലാതെ പോയി പിടിച്ചുവെചാൽ ഇന്ത്യൻ എംബസി സഹായത്തിന് വരില്ലെന്നും 2022 ലെ യാത്രയ്ക്കിടെ താലിബാന്‍ പിടിച്ച് ജയിലിലിട്ടിട്ട് പോലും ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടില്ലെന്നും മാഹിന്‍ പറയുന്നു. അഫ്ഗാനില്‍ എങ്ങനെ പെര്‍മിറ്റെടുക്കാമെന്ന വിവരങ്ങളും മാഹിന്‍ പങ്കുവച്ചിട്ടുണ്ട്.
സാധാരണയായി ഓരോ പ്രൊവിൻസിലേക്കുമുള്ള പെർമിറ്റിന് 1,000 അഫ്ഗാനി വീതം നൽകണം. കാബൂളില്‍ നിന്നും പെര്‍മിറ്റ് ലഭിക്കാന്‍ ഗൈഡ് നിര്‍ബന്ധമാണെന്നും പുരുഷനായാലും സ്ത്രീയായലും ഗൈഡ് വേണമെന്നതാണ് കാബൂളിവെ നിബന്ധനയെന്നും മാഹിന്‍ വ്യക്തമാക്കി. ബാമിയാനില്‍ നിന്നും ഗൈഡ് ഇല്ലാതെ പെര്‍മിറ്റെടുക്കാന്‍ സാധിക്കുമെന്നും മാഹിന്‍ വ്യക്തമാക്കി.