Image credit: Fb account/ Backpacker Arunima
ട്രാവൽ വ്ലോഗ് വിഡിയോകളിലൂടെ സൈബറിടത്തിലെ നിറസാന്നിധ്യമാണ് അരുണിമ ബാക്ക്പാക്കർ. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമയുടെ അഫ്ഗാനിസ്ഥാൻ യാത്രാനുഭവങ്ങളാണ് സൈബറിടത്തിലെ ഇപ്പോഴത്തെ ചർച്ച. അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച അരുണിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. അഫ്ഗാനിൽ എത്തിയപ്പോൾ പെണ്ണായി ജനിക്കരുതെന്ന് ആദ്യമായി തോന്നിയെനന്നായിരുന്നു കുറിപ്പിൽ അരുണിമ പറഞ്ഞത്. ഇപ്പോഴിതാ അഫ്ഗാൻ സ്ത്രീകൾ ധരിക്കുന്ന വസ്ത്രമണിഞ്ഞുള്ള അരുണിമയുടെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ പരമ്പരാഗതമായി ധരിക്കുന്ന അഫ്ഗാനി ചാദരി (Afghani Chadari) എന്ന വസ്ത്രം ധരിച്ചുകൊണ്ടാണ് പുതിയ വിഡിയോ അരുണിമ പങ്കുവെച്ചിരിക്കുന്നത്. ശരീരം മുഴുവൻ മൂടിയ ആ വസ്ത്രം ധരിച്ചിട്ട് കണ്ണ് പോലും കാണുന്നില്ലെന്നാണ് അരുണിമ പറയുന്നത്. ഈ വസ്ത്രം ധരിച്ച് അഫ്ഗാൻ സ്ത്രീകൾ എങ്ങനെയാ നടക്കുന്നതെന്ന് അദ്ഭുതപ്പെടുകയാണ്. ചാദരി ധരിച്ചൽ എല്ലാ സ്ത്രീകളും ഒരുപോലെ യൂണീഫോമിട്ട പോലെയാണ് കാണപ്പെടുന്നത്. ആരാണ് വസ്ത്രത്തിനുള്ളിൽ ഉള്ളതെന്ന് മനസിലാവുകയില്ല എന്നും അരുണിമ പറയുന്നു.
നേരത്തെ അഫ്ഗാനിൽ എത്തിയപ്പോൾ, ധരിച്ച വസ്ത്രം മാറ്റി ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കാൻ താലിബാൻ അധികൃതർ ആവശ്യപ്പെട്ടതായി അരുണിമ പറഞ്ഞിരുന്നു. രാജ്യത്തിന് പുറത്തുള്ള ആളായതിനാൽ മുഖം കാണുന്ന വസ്ത്രം ധരിക്കാനുള്ള അനുമതി ലഭിച്ചുവെന്നും അവർ പറഞ്ഞു. അഫ്ഗാനിൽ താൻ അനുഭവിച്ച നിയന്ത്രണങ്ങളെ കുറിച്ചും അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും അരുണിമ വിശദീകരിച്ചിരുന്നു.
അഫ്ഗാനിൽ എത്തിയപ്പോൾ സ്ത്രീ ആയതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടെന്നാണ് താലിബാൻ അധികൃതർ പറഞ്ഞത്. അഫ്ഗാനിസ്ഥാനിൽ പെണ്ണിന് പുല്ലുവില പോലുമില്ല. വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനുമൊക്കെയുള്ള സ്വതന്ത്ര്യം എന്താണെന്ന് അഫ്ഗാനിൽ എത്തിയപ്പോഴാണ് മനസിലാക്കുന്നത് എന്നാണ് അരുണിമ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
അതേസമയം 'ഇതൊക്കെ കാണുമ്പോൾ ഇന്ത്യയിൽ ജനിക്കാൻ കഴിഞ്ഞ നമ്മളൊക്കെ എത്ര ഭാഗ്യവൻമാരാണ്' എന്ന തരത്തിലുള്ള കമന്റുകളും, ഒപ്പം 'റീച്ച് ഉണ്ടാക്കാൻ പോയതല്ലേ.. ആരെങ്കിലും പറഞ്ഞോ അങ്ങോട്ട് പോകാൻ.. അതൊക്കെ ആ നാടിന്റെ പരമ്പരാഗതമായ വസ്ത്രധാരണ രീതികളെന്നും'വിശദീകരിക്കുന്നവരെയും വിഡിയോയുടെ കമന്റുകളിൽ കാണാം.