മഹാരാഷ്ട്രയിലെ ബീഡില്‍ രണ്ട് നൂറ്റാണ്ടിന് ശേഷം കുടുംബത്തില്‍ ജനിച്ച പെണ്‍കുഞ്ഞിന് നല്‍കിയ ആവേശ വരവേല്‍പ്പ് ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങള്‍. കേൾക്കുമ്പോൾ അദ്ഭുതം തോന്നാമെങ്കിലും ദഹിഫാലിലെ കുടുംബത്തിന്‍റെ നാലു തലമുറകളായുള്ള കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമം ഉണ്ടായത്. പെൺകുഞ്ഞുങ്ങളെ ഭാരമായി കാണുന്ന രീതി പലയിടങ്ങളിലും നിലനില്‍ക്കുന്നതിനിടയിലാണ് രഥത്തിലേറ്റി കുഞ്ഞിനെ ഇവര്‍ വീട്ടിലെത്തിച്ചത്.
രാജകീയ പ്രൗഢിയോടെയാണ് അമ്മയെയും കുഞ്ഞിനെയും കുടുംബം സ്വീകരിച്ചത്. രാജകുമാരിയാണ് പെണ്‍കുഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു. 'ഗാർഗി' എന്ന പേര് നൽകി വീട് മുഴുവൻ പൂക്കളാൽ അലങ്കരിച്ച് രഥവും താള മേളങ്ങളും ഒരുക്കി നൃത്തം ചെയ്ത് അമ്മയെയും കുഞ്ഞിനേയും ആഘോഷിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
വീട്ടിനുള്ളിലേക്ക് ഒരു 'കുഞ്ഞു മഹാലക്ഷ്മി' തന്നെ വന്നെത്തി എന്നാണ് കുഞ്ഞിന്റെ മുത്തശ്ശിയും മറ്റ് കുടുംബാംഗങ്ങളും വൈകാരികമായി പ്രതികരിച്ചത്. പെൺകുട്ടികളെ അംഗീകരിക്കാൻ മടിക്കുന്ന ചിന്താഗതികൾക്കിടയിൽ, ഒരു പെൺകുഞ്ഞിന്റെ ജനനം ഇത്രയും വലിയൊരു ആഘോഷമാക്കിയ ഈ കുടുംബത്തിന്റെ പ്രവർത്തി സമൂഹത്തിന് മികച്ചൊരു മാതൃകയാണെന്ന് നിരവധിപ്പേര്‍ കമന്റുകളില്‍ കുറിച്ചു.