Image credit: PTI

റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നമ്മള്‍ എത്രത്തോളം ശ്രദ്ധ നല്‍കാറുണ്ട്? പേയ്മെന്‍റ് സമയത്ത് കൃത്യമായി ശ്രദ്ധിക്കുമെങ്കിലും യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കുമ്പോള്‍ അത്ര ശ്രദ്ധയോടെയല്ലാതെ വിവരങ്ങള്‍ നല്‍കുന്ന ചിലരെങ്കിലുമുണ്ടാകും. നമ്മുടെ വിവരങ്ങള്‍ നല്‍കുമ്പോള്‍ തെറ്റുപറ്റില്ല എന്ന ആത്മവിശ്വാസമാണത്. എന്നാല്‍ ഇനി നന്നായി തന്നെ ശ്രദ്ധിച്ചോളൂ... കാരണം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളുണ്ടായ ചെറിയ ഒരു പിശക് മൂലം 7000 രൂപയാണ് ഒരു യാത്രക്കാരന് പിഴ ലഭിച്ചത്.

സംഭവം ഇങ്ങനെ:

ജൂൺ 23-ന് കെ.എസ്.ആർ ബെംഗളൂരു- ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിലായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് നാഗ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു 24-കാരനായ രമാകാന്ത് എം. യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധനയ്ക്കെത്തിയ ടി.ടി.ഇ, ടിക്കറ്റിലെ വയസ്സ് '1' എന്ന് കണ്ടതോടെ യാത്രക്കാരനോട് വിശദീകരണം തേടി. ബുക്കിങിനിടെ സംഭവിച്ച പിശകാണിതെന്ന് യാത്രക്കാരൻ വ്യക്തമാക്കിയെങ്കിലും റെയിൽവേ അധികൃതർ അംഗീകരിച്ചില്ല.

തന്‍റെ കൃത്യമായ പ്രായം തെളിയിക്കുന്ന സർക്കാർ തിരിച്ചറിയൽ രേഖകൾ രമാകാന്തിന്‍റെ കൈവശമുണ്ടായിരുന്നു. എങ്കിലും ടിക്കറ്റിലെ വിവരങ്ങൾ തെറ്റായതിനാൽ അതൊരു സാധുവായ ടിക്കറ്റായി കണക്കാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ പിഴ ഈടാക്കുകയായിരുന്നു. 7,035 രൂപ പിഴയാണ് ചുമത്തിയത്. യു.പി.ഐ വഴി യാത്രക്കാരൻ ഈ പിഴ തുക അടയ്ക്കുകയും ചെയ്തു.

യാത്രക്കാരന്റെ വാദവും റെയിൽവേയുടെ നിലപാടും:

ടിക്കറ്റിൽ തെറ്റായ പ്രായം രേഖപ്പെടുത്തിയതുകൊണ്ട് തനിക്ക് യാതൊരു തരത്തിലുള്ള ഇളവുകളോ ഡിസ്കൗണ്ടുകളോ ലഭിച്ചിട്ടില്ലെന്നും, ശരിയായ പ്രായം നൽകിയാലും താനെടുത്ത ടിക്കറ്റിന്‍റെ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും യാത്രക്കാരൻ വാദിച്ചു. എന്നാൽ, യാത്രയ്ക്ക് മുൻപ് ടിക്കറ്റിലെ വിവരങ്ങൾ പരിശോധിച്ച് തെറ്റുകൾ തിരുത്തേണ്ട ഉത്തരവാദിത്തം യാത്രക്കാരനാണെന്നും, അത് ചെയ്യാത്ത പക്ഷം ടിക്കറ്റ് അസാധുവായി കണക്കാക്കുമെന്നുമാണ് റെയിൽവേയുടെ പക്ഷം. നാഗ്പൂരിൽ എത്തിയ ശേഷം യാത്രക്കാരൻ 'റെയിൽ മദദ്' പോർട്ടലിലൂടെ പരാതി നൽകിയെങ്കിലും, നടപടി ശരിവെച്ച റെയിൽവേ പരാതി തള്ളുകയായിരുന്നു.

അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ:

അതേസമയം, ഒരു വയസ്സുള്ള കുട്ടിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്കിങ് സിസ്റ്റം എങ്ങനെ അനുമതി നൽകി എന്നത് റെയിൽവേയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സംഭവം ഗൗരവമായി കാണുന്നുവെന്നും, എങ്ങനെയാണ് ഇത്തരത്തില്‍ ഒരു ടിക്കറ്റ് ജനറേറ്റ് ചെയ്യപ്പെട്ടതെന്ന് പരിശോധിക്കുമെന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ മഞ്ജുനാഥ് കനമാഡി അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിയമപരമായി പിഴ ഈടാക്കാൻ അധികൃതർക്ക് അധികാരമുണ്ടെങ്കിലും, യാത്രയ്ക്കിടയിൽ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന യുവാവിന്‍റെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY:

A major controversy has erupted within the Indian Railways after a 24-year-old passenger was fined ₹7,035 for a data entry error on his KSR Bengaluru–Hazrat Nizamuddin Rajdhani Express ticket. The TTE discovered that the passenger's age was incorrectly recorded as '1', and despite the traveler presenting valid government identification, officials deemed the ticket invalid and demanded the hefty penalty. While the passenger argued that the error granted him no financial benefit or unauthorized concession, railway authorities insisted that travelers are solely responsible for verifying ticket details prior to departure. The passenger's subsequent appeal through the 'Rail Madad' portal was swiftly rejected, reinforcing the railway's stance on strict compliance with booking information. The incident has also triggered an internal inquiry by the South Western Railway, as officials are struggling to explain how the booking system allowed a one-year-old to be booked as a sole traveler on a premium train. This case serves as a stern reminder to all passengers to meticulously double-check their personal details during the online booking process to avoid potential legal and financial repercussions.