മാഹിയിൽ പുലർച്ചെ റെയിൽ പാളത്തിലേക്ക് മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മലബാർ എക്സ്പ്രസ്, പൂനെ സൂപ്പർ ഫാസ്റ്റ് എന്നീ ട്രെയിനുകൾ വടകരയിൽ പിടിച്ചിട്ടിരിക്കുകയാണ്. മലബാർ എക്സ്പ്രസ് വടകരയിൽ ഒന്നര മണിക്കൂറിലധികമായി നിർത്തിയിട്ടിരിക്കുകയാണ്.
കോഴിക്കോട്, മംഗലാപുരം ഭാഗങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ മണിക്കൂറുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു. റെയിൽ പാളത്തിൽ വീണ മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ഇത് പൂർത്തിയാകാൻ ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ സമയമെടുക്കും.
ഒൻപത് മണിയോടെയേ ഗതാഗതം സാധാരണ നിലയിലാക്കാൻ സാധിക്കൂ. രാവിലെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും ഓഫീസുകളിലേക്കും പോകാനിറങ്ങിയ യാത്രക്കാരെ ട്രെയിൻ വൈകുന്നത് കാര്യമായി ബാധിക്കും.