Guwahati: The Vande Bharat Sleeper Express stands at Kamakhya Railway Station, in Guwahati, Friday, Jan. 16, 2026. (Photo)(PTI01_16_2026_000572B)

Guwahati: The Vande Bharat Sleeper Express stands at Kamakhya Railway Station, in Guwahati, Friday, Jan. 16, 2026. (Photo)(PTI01_16_2026_000572B)

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ നവീകരണത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. നാലു പതിറ്റാണ്ടുകളായി റെയിൽവേ ഉപയോഗിച്ചുവരുന്ന പാസഞ്ചര്‍ റിസര്‍വേഷന്‍ (പിആര്‍എസ്) സിസ്റ്റമാണ് അടിമുടി മാറാന്‍ ഒരുങ്ങുന്നത്. 1986 മുതൽ നിലവിലുള്ള പഴയ സംവിധാനത്തിന് പകരം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റം നിലവിൽ വരും. ഈ വരുന്ന ഓഗസ്റ്റ് മുതൽ ഘട്ടഘട്ടമായാണ് പുതിയ സിസ്റ്റത്തിലേക്ക് റെയില്‍വേ മാറുന്നത്.

ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടുതൽ സുഗമമാക്കുക, ഒരേസമയം കൂടുതൽ ആളുകൾക്ക് തടസങ്ങളില്ലാതെ സൈറ്റ് ഉപയോഗിക്കാന്‍ കഴിയുന്നു എന്ന് ഉറപ്പുവരുത്തുക, മികച്ച ടിക്കറ്റ് ബുക്കിങ് അനുഭവം എന്നിവയാണ് ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. നിലവിലെ ബുക്കിങ്ങിനോ റെയില്‍വേ സേവനങ്ങള്‍ക്കോ തടസ്സങ്ങളില്ലാതെയായിരിക്കും മാറ്റം. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോൾ യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് റെയിൽ ഭവനിൽ നടന്ന അവലോകന യോഗത്തിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി കഴി​ഞ്ഞു.

1986ലാണ് നിലവിലെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം കൊണ്ടുവരുന്നത്. അതിന് ശേഷം, ഇത്രയും വർഷങ്ങളായെങ്കിലും പരിമിതമായ നവീകരണങ്ങൾ മാത്രമാണ് ഈ സംവിധാനത്തില്‍ നടന്നിട്ടുള്ളത്. എന്നാല്‍ ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങിന്‍റെ ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ സംവിധാനമെത്തുന്നത്. 2002-ലാണ് ഇന്ത്യൻ റെയിൽവേ ഇന്റർനെറ്റ് അധിഷ്ഠിത ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഇന്ന് ഭൂരിഭാഗം യാത്രക്കാരും റിസർവേഷൻ കൗണ്ടറുകൾക്ക് പകരം ഓൺലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനെയാണ് ആശ്രയിക്കുന്നത്. നിലവിൽ റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന്‍റെ 88 ശതമാനവും നടക്കുന്നത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ്.

ഒരേയൊരു ‘റെയിൽവൺ’!

റെയിൽവേയുടെ ഡിജിറ്റൽ വൽക്കരണത്തിന്റെ ഭാഗമായി 2025 ജൂലൈയിൽ പുറത്തിറക്കിയ 'റെയിൽവൺ' ആപ്പ് ഒരു വർഷത്തിനുള്ളിൽ 3.5 കോടിയിലധികം ആളുകളാണ് ഡൗൺലോഡ് ചെയ്തത്. ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും റദ്ദാക്കാനും, ട്രെയിനിന്റെ തത്സമയ വിവരങ്ങൾ അറിയാനും, പ്ലാറ്റ്‌ഫോം-കോച്ച് വിവരങ്ങൾ മനസ്സിലാക്കാനും, പരാതികൾ നൽകാനും സാധിക്കും. പ്രതിദിനം ശരാശരി 9.29 ലക്ഷം ടിക്കറ്റുകളാണ് ഈ ആപ്പ് വഴി ബുക്ക് ചെയ്യുന്നത്. ഇതില്‍ 7.2 ലക്ഷം അൺറിസർവ്ഡ് ടിക്കറ്റുകളും 2.09 ലക്ഷം റിസർവ്ഡ് ടിക്കറ്റുകളും ഉള്‍പ്പെടുന്നു.

ഈ വർഷം ആദ്യം റെയിൽവണ്ണില്‍ എഐ അധിഷ്ഠിത വെയിറ്റ്‌ലിസ്റ്റ് പ്രവചന സംവിധാനവും റെയിൽവേ അവതരിപ്പിച്ചു. വെയിറ്റ്‌ലിസ്റ്റിലുള്ള ഒരു ടിക്കറ്റ് കൺഫേം ആകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് മുൻകൂട്ടി പ്രവചിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. റെയിൽവേയുടെ കണക്കനുസരിച്ച്, ഈ പ്രവചനത്തിന്റെ കൃത്യത നിലവില്‍ 94 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഇത് യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിനും ഏറെ സഹായകമാണ്.

ഓഗസ്റ്റ് മുതൽ പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റം കൂടി നിലവിൽ വരുന്നതോടെ, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് ബുക്കിങ് കൂടുതൽ വേഗതയേറിയതും സ്മാർട്ടും വിശ്വസനീയവുമായി മാറുമെന്നാണ് ഇന്ത്യൻ റെയിൽവേ പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:

Indian Railways is preparing for its most significant digital modernization by replacing the legacy Passenger Reservation System that has been in operation since 1986. The transition to this advanced, state-of-the-art software infrastructure will be executed in a phased manner starting this August. Union Railway Minister Ashwini Vaishnaw has strictly instructed officials during a high-level review meeting to ensure that this massive migration causes absolutely no disruption to ongoing passenger bookings. Statistics show a profound shift in consumer behavior, with digital platforms currently structuralizing an impressive 88 percent of all train ticket bookings across the country. This systemic migration is heavily supported by the successful deployment of the integrated "RailOne" smartphone application, which has dynamically registered over 35 million downloads within its first year. Furthermore, the application has recently integrated an artificial intelligence-driven waitlist prediction system that boasts an incredible 94 percent accuracy rate to help millions of daily commuters plan their travel efficiently.