വന്ദേഭാരത്, അമൃത് ഭാരത് ട്രെയിനുകൾക്ക് പിന്നാലെ ശതാബ്ദി, ജനശതാബ്ദി എക്സ്പ്രസുകളുടെ നിലവാരവും ഉയര്‍ത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ശതാബ്ദി, ജനശതാബ്ദി എക്സ്പ്രസുകളില്‍ രാജ്യവ്യാപക നവീകരണ പദ്ധതിക്കാണ് റെയിൽവേ ഒരുങ്ങുന്നത്. യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ച് ട്രെയിനുകളിലെ ശുചിത്വം, സുരക്ഷ, ആധുനിക സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് വിശദമായ കർമപദ്ധതികൾ തയ്യാറാക്കാൻ എല്ലാ സോണുകളോടും റെയിൽവേ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.

നവീകരണങ്ങളുടെ ഭാഗമായി അത്യാധുനിക ശുചിമുറികൾ കോച്ചുകളില്‍ കൊണ്ടുവരും. മികച്ച ഫിറ്റിങുകളും മികച്ച ഡ്രെയിനേജ് സംവിധാനങ്ങളും ഉറപ്പാക്കും. കൂടുതൽ സുഖപ്രദമായ കുഷ്യനുകളോടു കൂടിയുള്ള സീറ്റുകള്‍, ചാർജിങ് പോർട്ടുകൾ, ലഘുഭക്ഷണത്തിനുള്ള ടേബിളുകൾ എന്നിവ സജ്ജീകരിക്കും. ഫുട്‌റെസ്റ്റുകൾ, ആംറെസ്റ്റുകൾ, റോളർ ബ്ലൈന്റുകൾ, മാഗസിൻ പോക്കറ്റുകൾ, ഓവര്‍ഹെഡ് പാനലുകള്‍ എന്നിവയും നവീകരിക്കും. കോച്ചുകളിലെ കുലുക്കം (Jerks) കുറയ്ക്കുകയും ചെയ്യും. യാത്രക്കാർക്കുള്ള വിവര വിനിമയ സംവിധാനങ്ങൾ (PAPIS) പരിഷ്കരിക്കും. കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഒപ്പം ട്രെയിനുകളുടെ ഉൾവശത്തെയും പുറംഭാഗത്തെയും പെയിന്റിങ്, ബോർഡുകൾ, വാതിലുകൾ എന്നിവയും മാറും.

നിലവിൽ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് 25 ജോഡി ശതാബ്ദി എക്സ്പ്രസുകളും ഇരുപതിലധികം ജനശതാബ്ദി ട്രെയിനുകളുമാണ് സർവീസ് നടത്തുന്നത്. കർമപദ്ധതി തയ്യാറായാല്‍ ഉടന്‍ അറ്റകുറ്റപ്പണികൾ ആരംഭിക്കാനും കൃത്യസമയത്ത് പൂർത്തിയാക്കാനും പോരായ്മകൾ പരിഹരിക്കാനും എല്ലാ സോണുകൾക്കും റെയിൽവേ നിർദ്ദേശം നൽകിയിട്ടുണ്ട്. സോണൽ തലത്തിൽ ഓഡിറ്റുകൾ നടത്തി കൃത്യമായ മേൽനോട്ടത്തോടെയാകും നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

ENGLISH SUMMARY:

Following the success of Vande Bharat and Amrit Bharat, Indian Railways is set to upgrade Shatabdi and Jan Shatabdi Express trains nationwide. The revamp includes modern toilets, improved seating with better cushioning, upgraded charging ports, and enhanced safety with more CCTV cameras. Railway Board has directed all zones to prepare action plans to eliminate jerks, improve interior aesthetics, and upgrade passenger information systems (PAPIS) to ensure a premium travel experience.