കർണാടകയിൽ ട്രെക്കിങ് എന്നു പറഞ്ഞ് ഇനി കൈയും വീശി പോകാനാവില്ല. പരിശീലനം ലഭിച്ച ഗൈഡുകളുടെ സഹായമടക്കമുള്ള സന്നാഹങ്ങളുണ്ടെങ്കിൽ മാത്രമേ ട്രെക്കിങ് അനുവദിക്കുകയുള്ളൂ. അതും അംഗീകൃത ട്രെക്കിങ് റൂട്ടുകളിൽ മാത്രം.

കുടക് തടിയൻഡമോൾ മലയിൽ ശരണ്യ എന്ന പെൺകുട്ടിയെ മൂന്നു ദിവസം കാണാതാവുകയും ചിക്മഗളുരു മാണിക്യധാരയിൽ ഒരു 15 വയസ്സുകാരി ശ്രീനന്ദ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയും ചെയ്ത സംഭവങ്ങൾക്കു പിന്നാലെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്രെയാണ് നടപടിക്രമങ്ങൾ അടങ്ങിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീഡ്യുർ (എസ്.ഒ.പി) പുറത്തിറക്കിയത്.

ട്രെക്കിങ്ങിന് ഒരാൾ മാത്രമേയുള്ളുവെങ്കിൽ പോലും ഗൈഡ് വേണം. എല്ലാ ഗൈഡുകൾക്കും ജി.പി.എസ് സൗകര്യമുള്ള വാക്കി-ടോക്കികൾ വേണം. പത്തു ട്രെക്കർമാർക്ക് ഒരു ഗൈഡ് എന്നതായിരിക്കും കണക്ക്. ഒരു സംഘത്തിൽ പരമാവധി 50 ട്രെക്കർമാർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

മറ്റു നിബന്ധനകൾ താഴെ പറയുന്നവയാണ്:

  1. ട്രെക്കിങ്ങിനു പുറപ്പെടുന്നതിനു മുൻപ് സഞ്ചാരികൾ വനം വകുപ്പ് തയ്യാറാക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം. വഴിതെറ്റിയാൽ കണ്ടെത്താനാണ് ഇത്.
  2. യാത്ര പുറപ്പെടുന്നതിനു മുൻപ് സഞ്ചരിക്കാൻ പോകുന്ന ദൂരം, സമയം, സ്ഥലത്തെ കാലാവസ്ഥയടക്കമുള്ള വിവരങ്ങൾ ട്രെക്കർമാരെ ധരിപ്പിക്കും.
  3. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നതിനെ സംബന്ധിച്ച് ട്രെക്കർമാരെ ബോധവൽക്കരിക്കും.
  4. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, മൂർച്ചയുള്ള ലോഹ വസ്തുക്കൾ, ആയുധങ്ങൾ, ക്യാമ്പ് ഫയർ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.
  5. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ റൂട്ടിൽ സജ്ജീകരിക്കും. വിശ്രമിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും.
  6. ബേസ് ക്യാമ്പുകളിൽ കുടിവെള്ളം നൽകും.
  7. ട്രെക്കർമാർ ഗൈഡുകൾക്കു മുന്നിൽ സഞ്ചരിക്കാൻ പാടില്ല. സംഘത്തിൽനിന്ന് ഏറെ പിന്നിലാകാനും പാടില്ല.
  8. ബേസ് ക്യാമ്പിലും വിശ്രമകേന്ദ്രങ്ങളിലും ട്രെക്കർമാരുടെ എണ്ണമെടുക്കും.
  9. ഓരോ അര മണിക്കൂറിലും ഗൈഡുകൾ ബേസ് ക്യാമ്പുമായി ബന്ധപ്പെടണം.
  10. ട്രെക്കിങ് തുടങ്ങി ഒരു മണിക്കൂറിനകം ആദ്യ സന്ദേശമെത്തിയില്ലെങ്കിൽ ബേസ് ക്യാമ്പിൽനിന്ന് ഗൈഡിനെ ബന്ധപ്പെടും.
  11. മൈനർമാർ മാതാപിതാക്കളുടെയോ രക്ഷാകർത്താക്കളുടെയോ സമ്മതപത്രം ഹാജരാക്കണം.
  12. ട്രെക്കിങ് നടത്താൻ തങ്ങൾക്ക് ആരോഗ്യമുണ്ടെന്നു തെളിയിക്കുന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പ്രായമായവർ ഹാജരാക്കണം.
  13. എല്ലാ ട്രെക്കർമാരും അടിയന്തര വൈദ്യസഹായത്തിന് ഉതകുന്ന തരത്തിലുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് കരുതണം.
  14. ഫ്ലാഷ് ഫോട്ടോഗ്രഫി, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ, ക്യാരി ബാഗുകൾ എന്നിവ നിരോധിച്ചിട്ടുണ്ട്.
  15. തങ്ങളുടെ പാഴ് വസ്തുക്കൾ ട്രെക്കർമാർ ബേസ് ക്യാമ്പിൽ തിരികെ കൊണ്ടുവന്ന് സംസ്കരിക്കണം (അല്ലെങ്കിൽ നശിപ്പിക്കണം).
  16. എല്ലാ ട്രെക്കിങ് റൂട്ടുകളും കർണാടക വനംവകുപ്പിന്റെ https://aranyavihaara.karnataka.gov.in/ എന്ന വെബ്സൈറ്റുമായി സംയോജിപ്പിക്കും. ഇതിലൂടെ മുൻകൂർ ബുക്കിങ് നടത്താനും കഴിയും.