Image credit: Manorama Online

Image credit: Manorama Online

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ കുതിപ്പുമായി ഇന്ത്യന്‍ പാസ്പോര്‍ട്ട്. 2026 ഫെബ്രുവരിയിലെ ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം ഇന്ത്യന്‍ പാസ്‌പോർട്ട് 75-ാം സ്ഥാനത്തേക്ക് ഉയർന്നു. ഈ വര്‍ഷം ആദ്യം 80-ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ പാസ്‌പോർട്ട്. കഴിഞ്ഞ വര്‍ഷം 85ാം റാങ്കിങ് ആയിരുന്നു ഇന്ത്യയ്ക്ക്. ഒരു പാസ്‌പോർട്ട് ഉടമയ്ക്ക് വീസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന ലോകരാജ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെൻലി പാസ്‌പോർട്ട് സൂചിക പുതുക്കുന്നത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ പാസ്‌പോർട്ടിന്‍റെ കരുത്തു വര്‍ധിച്ചതായാണ് പുതിയ റാങ്കിങ് സൂചിപ്പിക്കുന്നത്. സമീപകാലങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് നേട്ടമുണ്ടാക്കിയെങ്കിലും നിലവിലെ റാങ്കിങ് പത്തുവര്‍ഷം മുന്‍പുള്ള ഇന്ത്യയുടെ റാങ്കിങുമായി താരതമ്യം ചെയ്യുപ്പോള്‍ പിന്നില്‍ തന്നെയാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ഏറ്റവും മികച്ച റാങ്കിങ് ഉണ്ടായിരുന്നത് 2006 ലായിരുന്നു. 71-ാം സ്ഥാനമായിരുന്നു അന്ന്.

നിലവിൽ സൂചികയിൽ ഇന്ത്യ 75-ാം സ്ഥാനത്താണ്. എങ്കില്‍പ്പോലും ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്നതോ വീസ-ഓൺ-അറൈവൽ പ്രവേശനം ലഭിക്കുന്നതോ ആയ രാജ്യങ്ങളുടെ എണ്ണം കണക്കാക്കുമ്പോൾ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണ്. നിലവില്‍ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ലോകമെമ്പാടുമുള്ള 56 സ്ഥലങ്ങളിലേക്ക് വീസ രഹിത അല്ലെങ്കിൽ വീസ ഓൺ അറൈവൽ പ്രവേശനം ലഭിക്കും.

പാസ്പോര്‍ട്ട് റാങ്കിങ് അറിയാനും ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഏതെല്ലാം രാജ്യങ്ങളിലേക്ക് വീസ രഹിത/വീസ ഓണ്‍ അറൈവല്‍ പ്രവേശനം ലഭിക്കുമെന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക

ആരാണ് കേമന്‍?

സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിങ്ങനെ ഏഷ്യന്‍ രാജ്യങ്ങള്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളായി തുടരുന്നത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിൽ 185-ലധികം സ്ഥലങ്ങളിലേക്ക് വീസ രഹിത അല്ലെങ്കിൽ വീസ ഓൺ-അറൈവൽ പ്രവേശനം ലഭിക്കുന്നു, ശക്തമായ നയതന്ത്ര ബന്ധങ്ങൾ, ശക്തമായ സാമ്പത്തിക ബന്ധങ്ങൾ, വിപുലമായ ആഗോള കണക്റ്റിവിറ്റി എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണിത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരാണ്. രണ്ടാം സ്ഥാനം ജപ്പാനും ദക്ഷിണ കൊറിയയും പങ്കിടുന്നു. മൂന്നാം സ്ഥാനത്ത് സ്വീഡനും യുഎഇയുമാണ്.

അതേസമയം, പട്ടികയില്‍ പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനം ദുർബലമായിട്ടുണ്ട്. 2014 ൽ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ ഇടം നേടിയ അമേരിക്കയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും പാസ്‌പോർട്ടുകളുടെ റാങ്കിങ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നന്നായി ഇടിഞ്ഞു. നിലവില്‍ യുകെ ഏഴാം സ്ഥാനത്തും അമേരിക്ക പത്താം സ്ഥാനത്തുമാണ്. 37 രാജ്യങ്ങൾക്ക് പിന്നിലാണ് അമേരിക്ക.

ENGLISH SUMMARY:

The Indian passport has climbed to the 75th position in the latest Henley Passport Index released in February 2026. Previously ranked 80th at the start of the year and 85th in 2025, the new ranking reflects India's growing diplomatic influence. Indian passport holders can now access 56 destinations worldwide either visa-free or via visa-on-arrival. While Asian giants like Singapore, Japan, and South Korea continue to dominate the top spots, Western powers like the UK and USA have seen a decline in their global standings. Singapore holds the first rank, followed by Japan and South Korea in second place. Explore the full list of powerful passports and India's historical rankings in the 2026 global passport index. Stay updated on the latest international travel and visa news.