ഇടുക്കി എന്നാൽ മൂന്നാറും വട്ടവടയും കാന്തല്ലൂരും മാത്രമല്ല. വിവിധ ഭൂപ്രകൃതിയുടെ സൗന്ദര്യം ഒരുപോലെ നുകരാൻ പറ്റിയിടങ്ങൾ വേറെയുമുണ്ട്. പുതുവർഷ ആഘോഷവാരത്തിൽ കണ്ടും കേട്ടും മടുത്ത സ്ഥലങ്ങളിൽ നിന്ന് ഒന്ന് മാറി സഞ്ചരിക്കാം.
അവധിക്കാലമായതോടെ ഇടുക്കിയിൽ എത്തുന്ന സഞ്ചാരികളിൽ പലരും തിരക്കുമൂലം ബുദ്ധിമുട്ടുകയാണ്. ഗതാഗതക്കുരുക്ക് മൂലം പലരും തിരികെ മടങ്ങി. അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ആസ്വദിക്കാൻ കഴിയുന്ന ഇടങ്ങളും ജില്ലയിലുണ്ട്. അധികം ദൂരെയൊന്നുമല്ല തൊടുപുഴയിൽ നിന്നും 35 കിലോമീറ്റർ ചുറ്റളവിൽ മലങ്കര ജലാശയവും, നാടുകാണി വ്യൂ പോയിന്റുമൊക്കെ കണ്ണുകളെ കുളിരണിയിക്കും.
തൊടുപുഴ ആറിനെ തൊട്ടുകിടക്കുന്ന പ്രദേശം. സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷനുകളിൽ ഒന്ന്. വിശേഷണങ്ങൾ ഒരുപാടുണ്ട് മലങ്കര ജലാശയത്തിന്, കണ്ടാലും മതിവരാത്ത കാഴ്ചകകളും. ഇപ്പോഴും ഇരുകരകളുമായി സിനിമ ചിത്രീകണം പുരോഗമിക്കുന്നുണ്ടെങ്കിലും, കാഴ്ചകൾക്ക് അതൊന്നും തടസമേ അല്ല. ഓരോ കാഴ്ചയും സമ്മാനിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളാണ്.
കുളമാവ് ഡാമിനോട് ചേർന്ന് കാട്ടാനകളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇവിടം. ഹൈറേഞ്ചിൽ നിന്നും കൊച്ചി നഗരത്തിന്റെ വിദൂര ദൃശ്യാം കാണാൻ സാധിക്കുന്ന ഉപ്പുകുന്നും, വനത്തിനുള്ളിലെ വലിയ മാവ് ഗ്രാമവുമൊക്കെ മുത്തശ്ശി കഥ പോലെ അത്ഭുതപ്പെടുത്തും.